FeaturedKeralaKottayamPolitics

വോട്ട് നേടി വിജയിച്ച എം പിയും, ഓട് പൊളിച്ച് ഇറങ്ങിയ എം പിയും തമ്മിലുള്ള അന്തരം; ജോസ് കെ മാണിയെ അപ്രസക്തനാക്കി കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നേരവകാശി ആകാൻ ഫ്രാൻസിസ് ജോർജ്: രാഷ്ട്രീയ താരതമ്യം വായിക്കാം.

കേരള കോൺഗ്രസിനെയും, കോട്ടയം രാഷ്ട്രീയത്തെയും സംബന്ധിച്ച് നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. മാണി ഗ്രൂപ്പിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കോട്ടയത്തിന്റെ രാഷ്ട്രീയ മണ്ണിൽ പുതിയ ഒരു താരോദയം പിറന്നിരിക്കുകയാണ്. കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ചെയർമാൻ കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് ഇനി ഇടുക്കിയിൽ അല്ല രാഷ്ട്രീയം കളിക്കുക. കോട്ടയത്തിൻ്റെ എംപിയായി കേരള കോൺഗ്രസിന്റെ ഈറ്റില്ലത്തിൽ ഫ്രാൻസിസ് കളം നിറയുമ്പോൾ അപ്രസക്തനാകാൻ പോകുന്നത് ജോസ് കെ മാണിയാണ്. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടുതന്നെയാണ് ജോസ് കെ മാണി സിപിഎമ്മിനെ വിരട്ടിയും, മുന്നണിയോട് വിലപേശിയും രാജ്യസഭ എംപി സ്ഥാനം തിരികെ നേടിയെടുത്തത്.

ad 1

കോട്ടയത്തെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പുത്തൻ താരോദയം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കോട്ടയത്തിന്റെ എംപിയായി ഫ്രാൻസിസ് ജോർജ് തിരഞ്ഞെടുക്കപ്പെടുമ്പോൾ രാഷ്ട്രീയമായും വ്യക്തിപരമായും ക്ഷീണം തട്ടുന്നത് ജോസ് കെ മാണിക്കാണ്. കോട്ടയത്ത് നിന്നുള്ള എം പി മറ്റൊരു പാർട്ടിക്കാരൻ ആവുന്നു എന്നത് മാത്രമല്ല, ഫ്രാൻസിസ് ജോർജിന്റെ കേരള കോൺഗ്രസ് പൈതൃകം ജോസ് കെ മാണിയുടെതിനേക്കാൾ ഒരു ചുവട് മുകളിലാണ്.

ad 3

കേരള കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയർമാൻ കെ എം ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്. കോട്ടയം എന്നും കെഎം മാണിയുടെ തട്ടകം ആയിരുന്നു. എന്നാൽ മാണിയുടെ മരണശേഷം കോട്ടയത്ത് വിജയങ്ങൾ ഉണ്ടാക്കാൻ മകൻ ജോസിന് കഴിഞ്ഞില്ല. ഈ നേതൃത്വ ശൂന്യതയിലേക്കാണ് ഫ്രാൻസിസ് ജോർജിന്റെ കടന്നുവരവ്.

ad 5

ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതിൽ പിന്നെ കോട്ടയത്തിന്റെ എംപി സ്വന്തം അനുഭാവിയും അനുചരനും ഒരു പരിധിവരെ പരിഹാസ രൂപേണ ജോസിന്റെ അടിമ എന്നു പോലും വിശേഷിക്കപ്പെട്ട തോമസ് ചാഴികാടനായിരുന്നു. അതുകൊണ്ടുതന്നെ എല്ലായിടത്തും രാജ്യസഭ എം പിയായിരുന്ന ജോസിന് വേണ്ടി ചാഴികാടൻ വഴി മാറി കൊടുത്തു. പ്രോട്ടോകോൾ പ്രകാരം ലോക്സഭ എംപിക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കേണ്ടടത്ത് പോലും ജോസ് കെ മാണി ഉണ്ടെങ്കിൽ ചാഴികാടൻ സ്വയം ഒഴിവാകുമായിരുന്നു. പാലാ കടുത്തുരുത്തി മേഖലകളിൽ ഉദ്ഘാടനത്തിനോ, കല്യാണങ്ങൾക്കോ ശവസംസ്കാരങ്ങൾക്കോ പോലും പലപ്പോഴും ജോസ് കെ മാണിയുടെ പകിട്ട് നഷ്ടപ്പെടും എന്ന് പേടിച്ച് തോമസ് ചാഴികാടൻ പോകുമായിരുന്നില്ല.

ഇങ്ങനെ രാജ്യസഭയുടെയും ലോക്സഭയുടെയും എല്ലാം എം പിയായി ജോസ് വിലസുന്നിടത്തേക്കാണ് ഫ്രാൻസിസ് ജോർജിന്റെ കടന്നുവരവ്. തിരഞ്ഞെടുപ്പ് രംഗത്ത് ജോസിന്റെ സ്ഥാനാർത്ഥിയെ ദയനീയമായി പരാജയപ്പെടുത്തിയുള്ള ആ കടന്നുവരവിന് തിളക്കം കൂടുതലാണ്. അങ്ങനെ ഒരാൾ, വെറുമൊരാൾ അല്ല കഴിവും നേതൃത്വ ശേഷിയും തെളിയിച്ച ഒരാൾ കോട്ടയത്തിന്റെ ശബ്ദമായി മാറുമ്പോൾ ഇടതു വലതു ചേരികളിലെ കേരള കോൺഗ്രസ് അണികൾക്ക് അയാൾ ഒരു ആവേശമായി മാറും.

ജോസിനെക്കാൾ സൗമ്യമായ ഇടപെടലും, താരജാഡകളില്ലാത്ത സമീപനവും, ആർക്കും പ്രാപ്യനാണ് എന്ന ഗുണവും എല്ലാം ഫ്രാൻസിസിന് ഉണ്ട് എന്നുള്ളത് ഒരു താരതമ്യത്തിന് വഴിയൊരുക്കും. പാർലമെന്റിലെ വരാനിരിക്കുന്ന പ്രകടനങ്ങൾ താരതമ്യപ്പെടുത്തിയാലും മുൻകാല ചരിത്രം പരിശോധിച്ചാൽ ഫ്രാൻസിസിന്റെ നിഴലിനൊപ്പം എത്താൻ പോലും ജോസിന് സാധിക്കില്ല.

സഭയുടെ പ്രിയം:

ആചാര അനുഷ്ഠാനങ്ങളുടെയും വിശ്വാസം നിഷ്ടകളുടെയും കാര്യം മുതൽ സഭയ്ക്ക് വേണ്ടിയുള്ള ഉറച്ച നിലപാടുകൾ കൊണ്ടും, ഫ്രാൻസിസ് ജോർജ് കത്തോലിക്കാ സഭ നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. ഇത് കൃത്യമായി പ്രതിഫലിക്കുന്ന വോട്ട് കണക്കുകൾ ആണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുറത്തുവന്നത്. ഇവിടെയും തമസ്കരിക്കപ്പെടുക ജോസ് കെ മാണിയാണ്. പലപ്പോഴും വെല്ലുവിളിയുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് ജോസിനെ നേതാവാക്കിയതെങ്കിൽ, വെല്ലുവിളികളെ നേരിട്ട്, പരാജയങ്ങളെ നേരിട്ട്, തിരിച്ചടികൾ ഉണ്ടാകുമ്പോഴും അടിസ്ഥാന മൂല്യങ്ങളെ കൈവിടാതെ വളർന്നുവന്ന ഫ്രാൻസിസ് ജോർജുമായി താരതമ്യപ്പെടുത്തുമ്പോൾ ജോസ് കെ മാണി വെറും അമൂൽ ബേബി മാത്രമാണ്

പാലായിലും ജോസിന് ക്ഷീണം:

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഉണ്ടായ ദയനീയ പരാജയത്തിന്റെ ക്ഷീണം ഇത്തവണ ചാഴികാടന്റെ വിജയത്തിലൂടെ തീർക്കും എന്നായിരുന്നു കേരള കോൺഗ്രസ് എം അണികളും നേതാക്കളും അവകാശപ്പെട്ടിരുന്നത്. എന്നാൽ സ്വന്തം കോട്ടകൾ ആയ പാലായിലും, കടുത്തുരുത്തിയിലും ജോസ് കെ മാണിയെ നിലംപരിശാക്കിയാണ് ഫ്രാൻസിസ് ജോർജ് വൻഭൂരിപക്ഷം നേടിയതും ചാഴികാടനെ ദയനീയമായി പരാജയപ്പെടുത്തിയതും.

വോട്ട് നേടി വിജയിച്ചവനും ഓട് പൊളിച്ച് ഇറങ്ങിയവനും തമ്മിലുള്ള അന്തരം:

എം പിമാർ എന്ന നിലയിൽ ഫ്രാൻസിസ് ജോർജിനെയും ജോസ് കെ മാണിയെയും താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ലളിതമായി നൽകാവുന്ന വിശേഷണം ഇതാണ്. കൂടുതൽ വോട്ട് നേടി ജനങ്ങളുടെ അംഗീകാരം സ്വന്തമാക്കി ജനാധിപത്യ വിജയം നേടിയ വ്യക്തിയും, ജനങ്ങളുടെ അംഗീകാരം ലഭിക്കാതെ പരാജയപ്പെട്ടിട്ടും രാഷ്ട്രീയ കരുനീക്കങ്ങൾ വഴി പദവിയിൽ എത്തിയ ആളും തമ്മിലുള്ള അന്തരം. ജനങ്ങളോടുള്ള സമീപനത്തിനുള്ള വ്യത്യസ്തത താരതമ്യം ചെയ്യുമ്പോഴും ഇക്കാര്യങ്ങൾ മുഴച്ചു നിൽക്കുന്നുണ്ട്.

ജനങ്ങളോട് അകലം പാലിക്കുന്ന, അണികളെ അടിമകളായി കാണുന്ന, ജനഹിതത്തിന് വിലമതിക്കാത്ത നേതാവായിട്ടാണ് ജോസ് കെ മാണിയുടെ രാഷ്ട്രീയ ചരിത്രം അയാളെ അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ പരാജയങ്ങൾ ഉണ്ടാകുമ്പോൾ പരാജയപ്പെടുത്തിയ എതിർസ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന, സ്വന്തം കൂലി പട്ടാളത്തെ ഉപയോഗിച്ച് അയാൾക്കെതിരെ സൈബർ ആക്രമങ്ങൾ അഴിച്ചുവിടുന്ന അയാൾ നടപ്പാക്കാൻ ശ്രമിക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്ന, തടസ്സങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ ശൈലിയാണ് ജോസ് എന്നും കൈകൊണ്ടിട്ടുള്ളത്.

എന്നാൽ രാഷ്ട്രീയ പരാജയം ഉണ്ടാകുമ്പോൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ അത് ജനവിധിയാണെന്ന് അംഗീകരിക്കുകയും അതിനെ മാനിക്കുകയും ചെയ്ത്, വിജയിയെ അംഗീകരിക്കാനും അഭിനന്ദിക്കുവാനും, ഇയാളുടെ പ്രവർത്തനങ്ങളിൽ ഉള്ള നന്മകൾ സ്വീകരിക്കാനും രാഷ്ട്രീയ പക്വതയുള്ള നേതാവാണ് ഫ്രാൻസിസ് ജോർജ്. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ വരുത്തി ജനകീയ അംഗീകാരം നേടിയെടുത്ത വ്യക്തിത്വം.

കേരള കോൺഗ്രസിന്റെ യഥാർത്ഥ അനന്തരാവകാശി

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ കോട്ടയത്തും കേരളത്തിലും കേരള കോൺഗ്രസിൻറെ യഥാർത്ഥ അനന്തര അവകാശിയായി ഫ്രാൻസിസ് ജോർജ് എന്ന നേതാവ് സ്ഥാനം ഉറപ്പിക്കും എന്നാണ് വിലയിരുത്തേണ്ടത്. ഇതിൽ ഏറ്റവും നിർണായകമായ ഘടകം യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പിന്തുണയാണ്. ഈ പിന്തുണയിലുമുണ്ട് പ്രത്യേകതകൾ. ഫ്രാൻസിസിനെയും കേരള കോൺഗ്രസിനെയും അംഗീകരിച്ചു കൊണ്ടാണ് ക്രൈസ്തവ വോട്ട് ബാങ്കുകളെയും, കർഷക താല്പര്യങ്ങളെയും സംരക്ഷിക്കുവാനും പ്രതിനിധാനം ചെയ്യുവാനും കോൺഗ്രസും, യുഡിഎഫും ഫ്രാൻസിസ് ജോർജിനെ ചുമതലപ്പെടുത്തുന്നത്. ഇത് മാതൃകാപരമായ രാഷ്ട്രീയ സഹവർത്തിത്വം ആയി വിലയിരുത്തപ്പെടേണ്ടതാണ്.

സഭയ്ക്ക് സ്വീകാര്യനായ, ജനാധിപത്യ മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുന്ന, ആദർശ ധീരനായ, മികച്ച പാർലമെന്റേറിയനായ, ജനാധിപത്യ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുവാൻ മുട്ടിടിക്കാത്ത രാഷ്ട്രീയ വ്യക്തിത്വം, അതാണ് ഫ്രാൻസിസ് ജോർജ്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗതി വിഗതികൾ ഇദ്ദേഹത്തെ ചുറ്റി തിരിഞ്ഞാവും എന്നതിലും സംശയമില്ല. അങ്ങനെ കെ എം മാണിയുടെ കാലശേഷം കോട്ടയം രാഷ്ട്രീയത്തെ, കൃത്യമായി കോട്ടയത്തെ കേരള കോൺഗ്രസ് രാഷ്ട്രീയത്തെ മുന്നോട്ട് ചലിപ്പിക്കുന്ന കേന്ദ്ര ബിന്ദുവായി ഫ്രാൻസിസ് ജോർജ് എന്ന പക്വതയുള്ള രാഷ്ട്രീയക്കാരൻ ഉയർന്നു വരുമ്പോൾ നിസ്സഹായനായി, പല്ലിറുമ്മി, കൊതിക്കെറുവും, സൈബർ പുലയാട്ടുമായി കാലം കഴിച്ചു തീർക്കാനാവും ജോസ് കെ മാണിയുടെയും അയാളുടെ അവശേഷിക്കുന്ന അണികളുടെയും വിധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button