ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ 43 സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. അസം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിൻ്റെ മകൻ നകുല്‍ നാഥ് സിറ്റിങ്ങ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്നും വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ ജലോറില്‍ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിൻ്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടാണ് സ്ഥാനാർത്ഥി. അസമിലെ ജോർഹട്ടില്‍ ഗൗരവ് ഗോഗോയ്, രാജസ്ഥാനിലെ ചുരുവില്‍ നിന്നും രാഹുല്‍ കസ്വാൻ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന പ്രമുഖർ.

രാജസ്ഥാൻ 10, അസം 13, മധ്യപ്രദേശ് 10, ഉത്തരാഖണ്ഡ് 3, ഗുജറാത്ത് 7, ദാമൻ ദ്യു 1 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത് നേരത്തെ കേരളത്തിലെ 16 മണ്ഡലങ്ങളിള്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പുറമെ ചത്തീസ്ഗഡ്, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ചത്തീസ്ഗഡില്‍ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കർണാടകയില്‍ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലവും പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്ത്വവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തന്റെ പഴയ മണ്ഡലമായ അമേഠിയിൽ രാഹുൽഗാന്ധി വീണ്ടും മത്സരിക്കുമെന്നും, സോണിയ ഗാന്ധി ഒഴിഞ്ഞ റായിബലേറിയിൽ പ്രിയങ്ക സ്ഥാനാർത്ഥിയാകും എന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക