അണികൾ സൈബർ ഇടങ്ങളിൽ വീരവാദം മുഴക്കുമ്പോളും, ചാഴിക്കാടനെ വികസന നായകനാക്കി ചിത്രീകരിക്കാൻ ലക്ഷങ്ങൾ മുടക്കി പ്രചരണം നടത്തുമ്പോഴും കോട്ടയത്ത് കാര്യങ്ങൾ എളുപ്പമല്ല എന്ന് മറ്റാരെക്കാളും നന്നായി ജോസ് കെ മാണിക്ക് അറിയാം. ചുറ്റും നിൽക്കുന്ന സ്തുതിപാടകർ പറയുന്നതല്ല രാഷ്ട്രീയ യാഥാർത്ഥ്യമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഉണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് അദ്ദേഹം പഠിച്ചതാണ്. അതുകൊണ്ടുതന്നെ കോട്ടയത്ത് ജോസ് കെ മാണിക്കും കേരള കോൺഗ്രസ് എമ്മിനും പാർലമെന്റ് തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.

തോമസ് ചാഴികാടൻ തോൽക്കും എന്നതല്ല ജോസ് കെ മാണിയെ അലസോരപ്പെടുത്തുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് കൈവിട്ടാൽ ജൂണിൽ രാജ്യസഭാ കാലാവധി തീരുമ്പോൾ സിപിഎം ഒരു തുടരവസരം നൽകാൻ കനിവ് കാണിക്കില്ല എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. ഫ്രാൻസിസ് ജോർജിനെ പോലെ ഒരേസമയം സഭാ സ്നേഹിയും, വിവിധ ജാതിമത വിഭാഗങ്ങൾക്കും സംഘടനകൾക്കും സ്വീകാര്യനുമായ ഒരാൾ കോട്ടയത്ത് നിന്ന് യുഡിഎഫ് പ്രതിനിധിയായി എംപി സ്ഥാനത്ത് എത്തിയാൽ പാർലമെന്റ് അംഗമെന്ന ജോസ് കെ മാണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടാൻ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കാരണങ്ങൾ കൊണ്ടാണ് പതിനാലാം തീയതിയോ പതിനഞ്ചാം തീയതിയോ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടെന്ന തിരിച്ചറിവിൽ അടിയന്തരമായി ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ ജോസ് കെ മാണി തീരുമാനിച്ചത്. മുന്നറിയിപ്പുകൾ ഇല്ലാതെ മന്ത്രിയെയും പാർട്ടി എംഎൽഎമാരെയും കോട്ടയത്തേക്ക് അടിയന്തരമായി വിളിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഇത്തവണ ചാഴികാടനൊപ്പം നേരിട്ട് കളത്തിൽ ഇറങ്ങി പ്രചരണം നയിക്കാനാണ് കേരള കോൺഗ്രസ് ചെയർമാന്റെ തീരുമാനമെന്ന് അറിയാൻ കഴിയുന്നു.

കോട്ടയത്തും, പുതുപ്പള്ളിയിലും, പിറവത്തും, പാലായിലും എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കടുപ്പമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും, ചാണ്ടി ഉമ്മനും, മാണി സി കാപ്പനും, അനൂപ് ജേക്കബിനും പോന്ന തലയെടുപ്പുള്ള, പ്രചരണം നയിക്കാൻ പ്രാപ്തരായ നേതാക്കൾ ഈ മണ്ഡലങ്ങളിൽ കേരള കോൺഗ്രസിലോ സിപിഎമ്മിലോ ഇല്ല. മന്ത്രി വാസവന്റെ കരുത്തിൽ ഏറ്റുമാനൂരിലും സിപിഐയുടെയും ഇടതുമുന്നണിയുടെയും കാരുണ്യത്തിൽ വൈക്കത്തും, സ്വന്തം പാർട്ടിയുടെ സംഘടനാ മികവിൽ കടുത്തുരുത്തിയിലും നേട്ടം ഉണ്ടാക്കി വിജയിച്ചു കയറാം എന്ന വിദൂര പ്രതീക്ഷയാണ് കേരള കോൺഗ്രസിലെ ഉന്നത നേതൃത്വത്തിന് ഉള്ളത്. കടുത്തുരുത്തിയിലും, ഏറ്റുമാനൂരിലുമുള്ള ക്നാനായ വോട്ടുകളും ചാഴികാടന് തുണയാകും എന്നും ജോസ് കെ മാണിയും കൂട്ടരും വിലയിരുത്തുന്നു.

എന്നാൽ ഏറ്റുമാനൂരിൽ ജനങ്ങൾ രണ്ടുവട്ടം തുടർച്ചയായി പരാജയപ്പെടുത്തിയ തോമസ് ചാഴികാടന് കാര്യങ്ങൾ അത്ര അനുകൂലമല്ല. കൂടാതെ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി എത്തിയാൽ ഏറ്റുമാനൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നു പോലും ഈഴവ വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്യും. റബർ കർഷകരുടെ എതിർ വികാരവും, സർക്കാർ വിരുദ്ധതയും എൽഡിഎഫിന് കടുത്തുരുത്തിയിൽ തിരിച്ചടിയാകും. നിഷ്പക്ഷമായി രാഷ്ട്രീയ വിലയിരുത്തൽ നടത്തിയാൽ വൈക്കം മാത്രമാണ് എൽഡിഎഫിന് ഉറപ്പായും ലീഡ് ചെയ്യാമെന്ന് പ്രതീക്ഷ നൽകുന്ന ഏക നിയമസഭാ മണ്ഡലം. അതുകൊണ്ടുതന്നെ തോമസ് ചാഴികാടന്റെ മാത്രമല്ല ജോസ് കെ മാണിയുടെയും രാഷ്ട്രീയ ഭാഗദേയം നിർണയിക്കുക കോട്ടയത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക