കോട്ടയത്ത് തോമസ് ചാഴികാടന് പരാജയം സംഭവിച്ചാൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലും, അദ്ദേഹം നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭാവിക്ക് മേലും കരി നിഴൽ വീഴ്ത്തും. തങ്ങൾ ഇടതുപക്ഷത്തേക്ക് എത്തിയപ്പോൾ തുടർഭരണം ലഭിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പാലായും കടുത്തുരുത്തിയും നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ പ്രഭമങ്ങി. താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വകുപ്പാണ് പാർട്ടി മന്ത്രിക്ക് ലഭിച്ചത്.

എന്നിരുന്നാലും മുഖ്യമന്ത്രി പിണറായി വിജയൻ കേരള കോൺഗ്രസിന് ചേർത്തുപിടിച്ചത് ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. എന്നാൽ ലൗ ജിഹാദ് വിവാദം ഉയർന്നപ്പോൾ പാലാ ബിഷപ്പിനെ തള്ളിപ്പറയാൻ നിർബന്ധിതരായതോടെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ക്രൈസ്തവ സഭ അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം നന്നേ കുറഞ്ഞു. ഏറ്റവും ഒടുവിലായി പൂഞ്ഞാർ പള്ളിയിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രൈസ്തവ യുവാക്കൾ പങ്കാളികളാണ് എന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നിർദ്ദേശാനുസരണം പ്രചരണം നടത്തിയതോടെ സഭ ഈ വിഭാഗത്തെ പാടെ തഴഞ്ഞിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലക്ഷ്യമിട്ടിരുന്നത് ക്നാനായ സമുദായ അംഗങ്ങളുടെ വോട്ട് ബാങ്ക് ആയിരുന്നു. എന്നാൽ പാലായിലെ നവ കേരള വേദിയിൽ പിണറായി വിജയന്റെ ആട്ടും തുപ്പും കേട്ട് ചാഴികാടൻ ഓച്ഛാനിച്ച് നിന്നതോടെ ക്നാനായ സമുദായത്തിന് ഏറ്റ മുറിവ് വലുതാണ്. തങ്ങളുടെ ആത്മാഭിമാനത്തെ ചവിട്ടി തേച്ചിട്ടും ജോസ് കെ മാണിയോ തോമസ് ചാഴികാടനോ പ്രതികരിക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല വീണ്ടും പിണറായി സ്തുതി പാടിയതാണ് അവരെ ഏറ്റവും അധികം പ്രകോപിച്ചിരിക്കുന്നത്.

തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തോടെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക് ആയ ഈഴവവ വിഭാഗത്തിൽ നിന്ന് വൻ വോട്ട് ചോർച്ച ഉറപ്പാണ്. പലവട്ടം തുഷാർ കോട്ടയത്ത് നിൽക്കുന്നത് ഒഴിവാക്കാൻ ജോസ് കെ മാണി ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും വെള്ളാപ്പള്ളി ഇതിനു വഴങ്ങിയില്ല. കോട്ടയത്ത് തുഷാർ പിടിക്കുന്ന വോട്ടുകൾ തോമസ് ചാഴികാടന്റെ പരാജയത്തിന്റെ ആക്കം കൂട്ടും. ഈ സാഹചര്യത്തിൽ ജോസ് കെ മാണിക്ക് മുന്നിലുള്ള രക്ഷാമാർഗ്ഗം ബിജെപിയായി തീരുകയാണ്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിന് ബിജെപി ദേശീയ നേതൃത്വം സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജോസ് കെ മാണിയെ പോലെ പ്രമുഖനായ ഒരു നേതാവിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ അവർ പട്ടു പരവതാനി വിരിക്കും എന്നുറപ്പാണ്. ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ജൂൺ മാസത്തിൽ അവസാനിക്കും. തുടർന്ന് സിപിഎമ്മിൽ നിന്ന് മറ്റൊരു അവസരം കൂടി ലഭിച്ചാലും വെറും എംപി ആയി തുടരാം എന്നല്ലാതെ മറ്റു പ്രയോജനങ്ങളില്ല.

രാജ്യസഭാ സീറ്റ് വീണ്ടും എടുത്താൽ ജോസ് കെ മാണിക്ക് മുന്നിൽ ഗുരുതരമായ മറ്റു വെല്ലുവിളികളും ഉണ്ട്. 2026ൽ കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എല്ലാ സാധ്യതകളും ഇതോടുകൂടി അടയും. ഒരുവട്ടം രാജ്യസഭയിൽ നിന്ന് രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് പാലായിലെ ദയനീയ തോൽവിക്ക് കാരണങ്ങളിൽ ഒന്ന്. വീണ്ടും സമാനമായ സാഹചര്യം ഉണ്ടായാൽ തോൽവിയുടെ ആക്കം കൂടും എന്ന് രാഷ്ട്രീയ ബോധമുള്ള ആർക്കും വിലയിരുത്താവുന്നതാണ്.

മറ്റൊരു പ്രശ്നം വീണ്ടും അധികാരത്തിൽ എത്തിയാൽ ബിജെപി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുകയും കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് 2029ൽ നടക്കുകയും ചെയ്യും. അത്തരത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി തീരാൻ വീണ്ടും ഒരു വർഷം ബാക്കിയുള്ള സ്ഥിതി ഉണ്ടാവും. ഇങ്ങനെ സംഭവിക്കുമ്പോൾ 2024 ജൂണിന് ശേഷം ആറുവർഷം കാലാവധി ഉള്ള രാജ്യസഭാ സീറ്റ് ലഭിച്ചാൽ ജോസ് കെ മാണിക്ക് നഷ്ടപ്പെടുന്നത് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അവസരമാണ്.

ഇത്തരം ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച രാഷ്ട്രീയ തീരുമാനങ്ങളിലൊന്ന് ബിജെപി പാളയത്തിലേക്ക് പോകുക എന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി തുടർഭരണത്തോടെ അധികാരം നേടിയാൽ അവിടെ രാജ്യസഭാ സീറ്റ് മാത്രമല്ല ഒരു ക്യാബിനറ്റ് മന്ത്രി പദവി വരെ ജോസ് കെ മാണിക്ക് ലഭിക്കും. അഞ്ചുവർഷം എംപി ആയിരിക്കുകയും, രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിലും മികച്ചത് ബിജെപിയോടൊപ്പം നിന്ന് അഞ്ചുവർഷവും ക്യാബിനറ്റ് കേന്ദ്രമന്ത്രി പദവി നേടുക എന്നതാണ്.

ഇടതുമുന്നണിക്കൊപ്പമോ യുഡിഎഫിനൊപ്പമൊ നിലനിന്നാലും സംസ്ഥാനത്ത് ഒരു മന്ത്രി ആകാനുള്ള സാഹചര്യം അദ്ദേഹത്തിന് ഉരുത്തിരിഞ്ഞു വരണമെങ്കിൽ 2034ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുന്നണി അധികാരം പിടിക്കുകയും വേണം. എന്നാൽ എഴുപതാം വയസ്സിൽ 10 വർഷങ്ങൾക്കപ്പുറം ഉണ്ടാകുന്ന ഏക രാഷ്ട്രീയ അവസരത്തിന് വേണ്ടി ഇത്രയും മികച്ച ഒരു സാധ്യത അദ്ദേഹം തള്ളിക്കളയുമോ എന്നതാണ് ഇനി കണ്ടറിയാൻ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക