
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേരളത്തിലോ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സർവേഫലം. ഇന്ത്യ ടുഡെ – സി വോട്ടർ ടീം നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിലാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ഫലം പുറത്തുവന്നത്. കേരളത്തിലെ 20 സീറ്റുകളില്‍ 20 ഉം ‘ഇന്ത്യ’ ബ്ലോക്ക് നേടുമെന്നാണ് സർവേഫലം. എന്നാല്‍ ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്ന കേരളത്തില്‍ കൂടുതല്‍ സീറ്റ് ആരു നേടുമെന്ന് സര്‍വേയില്‍ പറയുന്നില്ല.
അതേസമയം കേരളത്തിൽ മൂന്നു മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങളായി ബിജെപി വിലയിരുത്തുന്നതും വിജയ സാധ്യതയുണ്ടെന്ന് കരുതുന്നതും. തിരുവനന്തപുരം തൃശൂർ പത്തനംതിട്ട മണ്ഡലങ്ങൾ ആണിത്. ഇതിൽ തന്നെ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരിൽ ബിജെപിക്ക് അമിത പ്രതീക്ഷയാണ് ഉള്ളത്. 2024 ജനുവരിയിൽ പ്രധാനമന്ത്രി രണ്ടുവട്ടം തൃശൂരിൽ എത്തിയത് ഇതിന്റെ സൂചനയാണ്. കേന്ദ്രം വിതരണം ചെയ്യുന്ന 29 രൂപയുടെ അരിയും തൃശ്ശൂരിലാണ് ആദ്യമെത്തിച്ചത്. അതിനാൽ ഈ സർവ്വേ ഫലം ബിജെപിയെ സംബന്ധിച്ച് ആശങ്കാജനകമാണ്