ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വർക്കലയിലെ അഡ്വഞ്ചർ സ്കൂബാ ഡൈവിങ് സംഘത്തിന്റെ ഒരു പതിവ് യാത്രയില്‍ അവിശ്വസനീയമായ ഒരു കണ്ടുപിടുത്തമുണ്ടായി. ഇത്രയും കാലം അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഈ മൂവർ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ടീം ഹെഡ്ഡായ ഒരു ഇൻസ്ട്രക്റ്ററും മറ്റു രണ്ട് ഡൈവിങ് അധ്യാപകരുമാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.

കപ്പലിന്റെ ചരിത്രത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ചുതെങ്ങിനും വർക്കലയ്ക്കും ഇടയിലാണ് ഈ കപ്പല്‍ ഭാഗം കണ്ടെത്തിയത്. നെടുങ്കണ്ടം ബീച്ചില്‍ നിന്ന് 10 മുതല്‍ 11 കിലോമീറ്റർ അകലെയായാണ് 45 അടി താഴ്ച്ചയില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. ഇത്രയും നാള്‍ ഇത് ആരുടേയും കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കുകയായിരുന്നു. തകർന്ന കപ്പലിന്റെ ഉടമസ്ഥതയും കാലപ്പഴക്കവും ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.എന്നാല്‍, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴക്കമുള്ള കപ്പലാണിതെന്നാണ് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളില്‍ പലരും അഭിപ്രായപ്പെടുന്നത്.

1945ന് ശേഷം രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന്റെ ടോർപിഡോകള്‍ ഉപയോഗിച്ച്‌ തകർത്ത ബ്രിട്ടീഷ് കാർഗോ ഷിപ്പ് ആണെന്നാണ് അഞ്ചുതെങ്ങ് നിവാസികള്‍ക്കിടയിലുള്ള കഥകള്‍. അതേസമയം, ഡച്ച്‌ ഈസ്റ്റ് ഇന്ത്യ കമ്ബനിയുടെ അവസാന കാലത്ത് തകർപ്പെട്ട ഡച്ച്‌ കപ്പലാണ് ഇതെന്നാണ് വർക്കല അമ്ബലം ഭാഗത്തുള്ളവർ പറയുന്നത്. ഈ കപ്പലിന് വർക്കല അമ്ബലത്തിലെ ഡച്ച്‌ മണിയുമായി ബന്ധമുണ്ടെന്ന തരത്തിലും പല കഥകള്‍ പ്രചരിക്കുന്നുണ്ട്.

കപ്പലിന്റെ കാലപ്പഴക്കം എത്ര?

കപ്പലിന്റെ കാലപ്പഴക്കം സംബന്ധിച്ച്‌ ഇപ്പോഴും വ്യക്തതയൊന്നുമില്ലെന്ന് വർക്കല വാട്ടർ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ വിനോദ് രാധാകൃഷ്ണൻ പറയുന്നു. അതേക്കുറിച്ച്‌ ഇപ്പോഴൊന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വിദഗ്ദ്ധരായ ഡൈവർമാർക്ക് മാത്രമേ അങ്ങോട്ടേക്ക് എത്തിപ്പെടാൻ സാധിക്കുമായിരുന്നുള്ളൂ. വർക്കലയിലെ അഡ്വഞ്ചർ സ്കൂബാ ഡൈവിങ് സംഘത്തിലെ ഹെഡ്ഡും മറ്റു രണ്ട് ഡൈവിങ് മാസ്റ്റർമാരുമാണ് സ്പോട്ടിലേക്ക് നീന്തിയെത്തിയത്,” അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

ഇന്റർനാഷണല്‍ സ്കൂബ ഡൈവേഴ്സ് വരുമെന്ന് പ്രതീക്ഷ

കപ്പലിന്റെ കണ്ടുപിടിത്തം വർക്കലയിലെ അഡ്വഞ്ചർ ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. “വർക്കല ഇതോടെ ഇന്റർനാഷണല്‍ ഡൈവിങ് സ്പോട്ടായി മാറും. സംസ്ഥാനത്ത് അഡ്വഞ്ചർ സ്കൂബ ഡൈവിങ്ങിന് പ്രചാരം വർധിക്കും. വർക്കല വാട്ടർ സ്പോർട്സ് ഇപ്പോഴും ഡെവലപ്പിങ് സ്റ്റേജിലാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ടൂറിസം അക്രഡിറ്റേഷൻ ലഭിച്ചത്. സ്കൂബ ഡൈവിങ്ങിന് പുറമെ, സീ കയാക്കിങ്ങ് ഉള്‍പ്പെടെയുള്ള അഡ്വഞ്ചർ സ്പോർട്സ് സൗകര്യങ്ങള്‍ വർക്കല ബീച്ചിലുണ്ട്,” വിനോദ് രാധാകൃഷ്ണൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക