മന്ത്രി സജി ചെറിയാന്‍ നടത്തിയ വീഞ്ഞ് പരാമര്‍ശം വിവാദമായതോടെ തിരുത്തിയെങ്കിലും പരുക്കേറ്റത് കേരള കോണ്‍ഗ്രസ് എമ്മിന്. മുഖം രക്ഷിക്കാന്‍ മന്ത്രിയെ തളളിപ്പറഞ്ഞ് ചെയര്‍മാന്‍ ജോസ് കെ. മാണിയും പാര്‍ട്ടി മന്ത്രി റോഷി അഗസ്‌റ്റിനും രംഗത്ത് വന്നെങ്കിലും പാര്‍ട്ടിയുടെ അടിസ്‌ഥാന വോട്ട് ബാങ്കായ കത്തോലിക്കാ സഭയുടെ രോക്ഷം തണുപ്പിക്കാനായില്ല. കെ.സി.ബി.സിയും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായും സജി ചെറിയാനെതിരേ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മന്ത്രി പ്രസ്‌താവന പിന്‍വലിച്ച് വിശദീകരണം നല്‍കണമെന്നും അതുവരെ സംസ്‌ഥാന സര്‍ക്കാരുമായി സഹകരിക്കില്ലെന്നും മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ പറഞ്ഞു. സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്‌താവനയാണെന്നായിരുന്നു കാതോലിക്കാ ബാവായുടെ പ്രതികരണം. ഇതിന്‌ശേഷമാണ് താന്‍ പറഞ്ഞ വീഞ്ഞ്, കേക്ക് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നെന്നും എന്നാല്‍, മറ്റ് പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചത്. ഈ തിരുത്തല്‍ കൊണ്ടു മാത്രം കത്തോലിക്കാ സഭയ്‌ക്കും ബിഷപ്പുമാര്‍ക്കും ഉണ്ടായ മനോവിഷമം മാറില്ലെന്ന നിലപാടാണ് സഭാ നേതൃത്വത്തിനുളളത്.
-->

കത്തോലിക്കാ സഭ കടുത്ത നിലപാട് തുടരുന്നതാണ് മാണി വിഭാഗത്തെ പ്രതിസന്ധിയിലാക്കിയത്. അതിനിടെ, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് വിഷയത്തില്‍ ജോസ് കെ.മാണി നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത് മാണി വിഭാഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. റബര്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നവകേരള സദസില്‍ തോമസ് ചാഴികാടനെതിരേ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ കത്തോലിക്കാ സഭയ്‌ക്കുണ്ടായ രോഷം തണുപ്പിച്ചുവരുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.
ക്രൈസ്‌തവ സഭ അല്ലാതെ മറ്റേതെങ്കിലും മതങ്ങളിലെ പുരോഹിതരെ ഇത്തരത്തില്‍ ആക്ഷേപിക്കാന്‍ ഇടതു മുന്നണിയിലെ ഒരു മന്ത്രി തയാറാകുമോ എന്നാണ് സഭാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇടതു നേതാക്കള്‍ അണികളെ ആവേശഭരിതരാക്കാന്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളുടെ ബുദ്ധിമുട്ട് മുഴുവന്‍ മാണി ഗ്രൂപ്പ് സഹിക്കേണ്ടി വരുന്നത് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ഒരു പോലെ അസ്വസ്‌ഥരാക്കിയിട്ടുണ്ട്. ഇനിയും ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ അടിസ്‌ഥാന വോട്ടില്‍ വിളളല്‍ ഉണ്ടാകുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക