അനുകരണീയമായ മാതൃകകള്‍ പിന്തുടരാനുള്ള എല്ലാ നീക്കങ്ങളും എപ്പോഴും സ്വാഗതം ചെയ്യപ്പെടണം. ആ നിലയ്ക്ക് ഗൂഗിളിനെ പിന്തുടരാനുള്ള സാംസങ്ങിന്റെ തീരുമാനത്തെയും സ്വാഗതം ചെയ്യേണ്ട സമയമാണിത്. ഗൂഗിള്‍ തങ്ങളുടെ പിക്സല്‍-8 സീരീസ് ഫോണുകളിലൂടെ തുടക്കമിട്ട ഒരു നല്ല നീക്കം സാംസങ് പിന്തുടരാൻ തയാറെടുക്കുന്നു എന്ന് സാംമൊബൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ പിക്സല്‍-8, പിക്സല്‍-8 പ്രോ എന്നിവ ലോഞ്ച് ചെയ്തിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എഐ പിന്തുണ അ‌ടക്കം ഒട്ടനവധി ഫീച്ചറുകളുമായാണ് പിക്സല്‍-8 സീരീസ് എത്തിയത്. എന്നാല്‍ ഈ പുതിയ ഫീച്ചറുകള്‍ക്കെല്ലാം അ‌പ്പുറം, പിക്സല്‍ 8 സീരീസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴ് വര്‍ഷത്തെ സോഫ്ട്വേര്‍ അ‌പ്ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു ഗൂഗിള്‍ പിക്സല്‍ 8 സീരീസുകളുടെ മുഖ്യ ആകര്‍ഷണം. ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം വളരെ ഗുണം ചെയ്യുന്ന ഒരു നീക്കം ആണിത്. 7 വര്‍ഷത്തെ ഒഎസ് അ‌പ്ഡേഷൻ നടത്താൻ സാധിക്കും വിധം ശക്തമായ സന്നാഹങ്ങളോടയൊണ് പിക്സല്‍ 8 ഫോണുകള്‍ എത്തിയിരിക്കുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തം.

മുൻപ് ഗൂഗിള്‍ തങ്ങളുടെ ഫോണുകളില്‍ മൂന്ന് വര്‍ഷത്തെ സോഫ്റ്റ്വേര്‍ അ‌പ്ഡേറ്റുകളാണ് നല്‍കിയിരുന്നത്. അ‌ത് ഏഴ് വര്‍ഷമായി ഉയരുന്നത് വളരെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് വര്‍ഷത്തെ അ‌ല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഒഎസ് അ‌പ്ഡേറ്റുകളും സുരക്ഷാ അ‌പ്ഡേറ്റുകളുമാണ് പല ബ്രാൻഡുകളും ഇപ്പോള്‍ നല്‍കിവരുന്നത്. സാംസങ് മാത്രമാണ് അ‌തിനൊരു അ‌പവാദം.

സാംസങ് നിലവില്‍ നാല് വര്‍ഷത്തെ വരെ സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുന്നു. എന്നാല്‍ ഇത്തവണ ഗൂഗിള്‍ അ‌ക്കാര്യത്തില്‍ സാംസങ്ങിനെ കടത്തിവെട്ടി. കൂടുതല്‍ വര്‍ഷത്തേക്ക് ഒഎസ്, സുരക്ഷാ പിന്തുണകള്‍ ലഭ്യമാകുന്നത് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഗുണകരമാണ്. രണ്ട് വര്‍ഷത്തെ ഒഎസ് അ‌പ്ഡേറ്റ് മാത്രമാണ് ലഭിക്കുന്നത് എങ്കില്‍ ആ കാലാവധി പിന്നിടുന്നതോടെ ഫോണ്‍ പഴഞ്ചൻ ആകുന്നു.എന്നാല്‍ പിക്സല്‍ 8 സീരീസ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം കണക്കിലെടുത്താല്‍ 7 വര്‍ഷത്തേക്ക് ഫോണ്‍ സുഖമായി ഉപയോഗിക്കാം. ഉപയോക്താവിന്റെ കൈയില്‍നിന്ന് ഉണ്ടാകുന്ന പിഴവുകള്‍ മൂലം നാശം ഉണ്ടായില്ലെങ്കില്‍ ഏഴ്- എട്ട് വര്‍ഷം വരെ അ‌താത് കാലത്തെ പുതിയ ഒഎസ് പിന്തുണയില്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ പ്രവര്‍ത്തിക്കും എന്നത് വളരെ വലിയ കാര്യമാണ്.

സാംസങ്ങും ഇത്തരത്തില്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഒഎസ്- സുരക്ഷാ അ‌പ്ഡേറ്റ് പിന്തുണാ കാലയളവ് വര്‍ധിപ്പിച്ച്‌ നല്‍കാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സാം മൊബൈല്‍സിന് നല്‍കിയ അ‌ഭിമുഖത്തില്‍ സാംസങ് എക്സിക്യൂട്ടീവ് ഷിൻ-ചുല്‍ ബെയ്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കമ്ബനികള്‍ തങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കായി കുറഞ്ഞത് അഞ്ച് വര്‍ഷത്തെ സിസ്റ്റം അപ്‌ഡേറ്റുകള്‍ നല്‍കണമെന്ന് ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

ഈ ആവശ്യത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് സാംസങ് പ്രതിനിധി ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ ഫോണുകള്‍ക്ക് അഞ്ച് വര്‍ഷത്തിലധികം സുരക്ഷാ അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന നയം സജീവമായി ചര്‍ച്ച ചെയ്യുകയാണ് എന്ന് ബെയ്ക് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ക്ക് കൂടുതല്‍ സുരക്ഷാ പിന്തുണ ആവശ്യമുണ്ട് എന്ന ആവശ്യത്തിനുള്ള മറുപടിയായി അപ്‌ഡേറ്റ് പരിഗണിക്കുന്നു എന്നും അ‌ദ്ദേഹം വെളിപ്പെടുത്തി.

എല്ലാ ഫോണുകള്‍ക്ക് കൂടുതല്‍ കാലം സുരക്ഷാ അ‌പ്ഡേറ്റുകള്‍ നല്‍കാൻ സാംസങ് തയാറായാല്‍ അ‌ത് വലിയൊരു മാറ്റം തന്നെയാണ്. അ‌തിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാൻ സാധിക്കും. എന്നിരുന്നാലും, അഞ്ച് വര്‍ഷത്തിലധികം അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന സാംസങ് പ്ലാനില്‍ ഒഎസ് അപ്‌ഡേറ്റുകള്‍ ഒരുപക്ഷേ ഉള്‍പ്പെട്ടേക്കില്ല എന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.നാല് പ്രധാന ഒഎസ് അ‌പ്ഡേറ്റുകള്‍ മാത്രമാകും സാംസങ് നല്‍കുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കില്‍പ്പോലും അ‌ത് ഏറെ സ്വാഗതാര്‍ഹമാണ്. ഇത് കുറഞ്ഞത് നാല് വര്‍ഷത്തേക്ക് എങ്കിലും ഫോണ്‍ പുതിയ ഫീച്ചറുകളോടെ മുന്നോട്ട് പോകാൻ സഹായിക്കും. അ‌തേസമയം ഗൂഗിള്‍ പ്രഖ്യാപിച്ച അ‌പ്ഡേറ്റുകള്‍ കുറച്ചുകൂടി മികച്ചതാണ്.

കാരണം, ഏഴ് വര്‍ഷത്തെ ആൻഡ്രോയിഡ് ഒഎസും ഫീച്ചര്‍ ഡ്രോപ്പ് അപ്‌ഡേറ്റുകളും ഏഴ് വര്‍ഷത്തെ ഹാര്‍ഡ്‌വെയര്‍ പിന്തുണയും ഏഴ് വര്‍ഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും സുരക്ഷാ പാച്ചുകളും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ഭാവിയില്‍ ഈ വഴിയേ സാംസങ്ങും വന്നാല്‍ ദീര്‍ഘകാലം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ഇലക്‌ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായി തങ്ങളുടെ ഫോണുകള്‍ കൂടുതല്‍ നാള്‍ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് ഗൂഗിള്‍ ദീര്‍ഘകാലത്തേക്കുള്ള അ‌പ്ഗ്രേഡുകള്‍ വാഗ്ദാനം ചെയ്യുന്നത്.

സപ്പോര്‍ട്ട് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുകയും ടെൻസര്‍ ജി 3 ചിപ്പ് വികസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഗൂഗിള്‍ ഈ ലക്ഷ്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്.പുതിയ പിക്സല്‍ 8 സീരീസിലെ ടെൻസര്‍ G3 ചിപ്പ് മുൻകാല പിക്‌സല്‍ ചിപ്പുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമവും ശക്തവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു, അതിനാല്‍ത്തന്നെ ഇതിന് കൂടുതല്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ പിന്തുണയ്‌ക്കാനാകും. മറ്റ് കമ്ബനികളും ഈ രീതിയില്‍ മുന്നേറിയാല്‍ മാലിന്യം കുറയുകയും കൂടുതല്‍ മികച്ച ഫോണുകള്‍ വിപണിയിലെത്തുകയും ചെയ്യും.

എന്നാല്‍ മാസത്തില്‍ നാല് എന്ന വീതം ഫോണുകള്‍ പുറത്തിറക്കുന്ന കമ്ബനികള്‍ ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കാൻ സാധ്യതയില്ല. ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഫോണുകള്‍ അ‌വതരിപ്പിച്ചാല്‍ അ‌ത് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കും എന്ന് കമ്ബനികള്‍ ഭയക്കുന്നുണ്ടാകാം. അ‌തിനാല്‍ത്തന്നെ ഇത്തരം നീക്കങ്ങള്‍ക്ക് പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണ്. മത്സരം കടുത്താല്‍ ഒരുപക്ഷേ കൂടുതല്‍ വര്‍ഷത്തെ ഒഎസ്- സുരക്ഷാ അ‌പ്ഗ്രേഡുകള്‍ ലഭിച്ചേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക