കോട്ടയം നഗര മധ്യത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. മഫ്തിയില്‍ എത്തി, യുവതിയെ പിൻതുടര്‍ന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മര്‍ദ്ദിച്ചത്. ടി ബി റോഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെത്തിയ എസ് ഐ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.

ടി.ബി റോഡില്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കാറില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ സഹോദരൻ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ആളുകള്‍ കൂടിയതോടെ പോലീസുദ്യോഗസ്ഥൻ കാര്‍ ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങി ഓടിയ എസ്‌ഐയെ യുവാവ് പിൻതുടര്‍ന്ന് അടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ഈസ്റ്റ് , വെസ്റ്റ് , ട്രാഫിക് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും ജോലി ചെയ്തിരുന്ന ഇയാള്‍ ഇതിനുമുമ്ബും ഇത്തരം വിഷയങ്ങളില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ്.ഒരാഴ്ചയിലേറെയായി ഇയാള്‍ യുവതിയെ പിൻതുടര്‍ന്ന് മോശം കമന്റുകള്‍ പറഞ്ഞിരുന്നതായും യുവതി സഹോദരനോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് സഹോദരൻ യുവതിക്കൊപ്പം എത്തി ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് സംശയിക്കുന്നതായി പ്രദേശത്ത് തടിച്ചു കൂടിയ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗാന്ധി നഗര്‍ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച്‌ എത്തിയ ഇയാള്‍ ഡ്യൂട്ടിക്ക് ശേഷം പതിവായി കോട്ടയം നഗരത്തില്‍ എത്താറുണ്ട്.

ഇത്തരം വിഷയങ്ങള്‍ മുൻപും ഉണ്ടായിട്ടുള്ളതാണെന്നും ഇവര്‍ പറയുന്നു.അടുത്തിടെയാണ് മറ്റൊരു കേസില്‍ അച്ചടക്കനടപടി നേരിട്ട ശേഷം ഇയാള്‍ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചത്. ഇതിനു മുൻപും പോലീസിൻറെ വകുപ്പ് തല നടപടികള്‍ എസ് ഐ കൂടിയായ ഇയാളെ തേടി എത്തിയിട്ടുണ്ട്. മുൻപ് രണ്ട് തവണയായി ഇയാള്‍ക്ക് സസ്‌പെൻഷനും ലഭിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ യുവതിയോട് മോശമായി പെരുമാറിയ വിഷയം കൂടി ഉണ്ടാവുന്നത്. എന്നാല്‍ സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടുളളതായി വിവരം ലഭിച്ചിട്ടില്ല.സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക