തിരുവനന്തപുരം: ഡി.സി.സി. അധ്യക്ഷ പട്ടിക അന്തിമഘട്ടത്തിലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഡി.സി.സി. അധ്യക്ഷന്മാരുടെ രണ്ടാം പട്ടികയുമായി കെ. സുധാകരനെത്തിയിട്ടും തീരുമാനമാകുന്നില്ല. അഞ്ച് ജില്ലകളുടെ കാര്യത്തില്‍ തുടരുന്ന ആശയക്കുഴപ്പം ചര്‍ച്ചകളെ എവിടെയുമെത്തിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. സാമൂഹിക – സാമുദായിക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിവരുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെ പട്ടികയ്ക്ക് അന്തിമ രൂപമാകുമെന്ന് താരിഖ് അൻവർ അറിയിച്ചു.

തര്‍ക്കം തുടരുമ്പോള്‍ തിരുവനന്തപുരത്ത് ജി.എസ്. ബാബു, കൊല്ലത്ത് രാജേന്ദ്ര പ്രസാദ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവര്‍ക്കാണ് മുന്‍തൂക്കം. ആലപ്പുഴയിലും പത്തനംതിട്ടയിലും ഹിന്ദു വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുമ്പോള്‍ നിലവില്‍ കോട്ടയത്ത് പരിഗണനയിലുള്ള നാട്ടകം സുരേഷിന്‍റെ പേര് ഒഴിവാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഫില്‍സണ്‍ മാത്യൂസ്, ജോമോന്‍ ഐക്കര എന്നിവരില്‍ ആരെയെങ്കിലും ഒരാളെ പരിഗണിക്കേണ്ടി വരും. പാലക്കാട് വി.ടി. ബല്‍റാമിനായി വി.ഡി. സതീശനും, എ.വി. ഗോപിനാഥിനായി കെ. സുധാകരനും വാദിക്കുമ്പോള്‍ കെ.സി. വേണുഗോപാലിന്‍റെ നോമിനിയായ എ. തങ്കപ്പനാണ് മുന്‍തൂക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം ഒറ്റ പേരിലെത്തിയ ചില ജില്ലകളില്‍ പരിഗണനയിലുള്ളവരെ മാറ്റണമെന്ന സമ്മര്‍ദ്ദവും നേതൃത്വത്തിന് മേലുണ്ട്. സമുദായ സന്തുവലിതാവസ്ഥ പാലിക്കാന്‍ മലപ്പുറത്ത് വി.എസ്. ജോയിക്ക് പകരം ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എറണാകുളത്ത് വി.ഡി. സതീശന്‍റെ നോമിനിയായ മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നതിലും എതിര്‍പ്പുണ്ട്.

അതേ സമയം പുതിയ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ഏറുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രം നല്‍കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. രംഗത്തെത്തിയത് ശ്രദ്ധേയമായി. തിരുവനന്തപുരത്ത് തന്‍റെ നോമിനിയായ ജി.എസ്. ബാബുവിനായി തരൂര്‍ രംഗത്തുണ്ടായിരുന്നു. വൈകുന്നേരം പട്ടികയില്‍ വീണ്ടും ചര്‍ച്ച നടക്കും. അന്തിമ രൂപമെത്തിയാല്‍ സോണിയ ഗന്ധിക്ക് കൈമാറും. അങ്ങനെയെങ്കില്‍ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക