മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് നേരിട്ടത് കനത്ത വെല്ലുവിളിയാണ്. പതിറ്റാണ്ടുകളായി എം പി പദം നിലനിർത്തുന്ന കൊടിക്കുന്നിൽ സുരേഷ് എന്ന മുതിർന്ന നേതാവ് സിപിഐ യുവ സ്ഥാനാർഥി സി എ അരുൺകുമാർ ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കുമോ എന്നറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം. കൊടിക്കുന്നിലിന്റെ വ്യക്തിപ്രഭാവവും സംഘടനാ മികവും ഇത്തവണയും കാര്യങ്ങൾ അനുകൂലമാക്കും എന്ന പ്രത്യാശയിലാണ് യുഡിഎഫ് ക്യാമ്പ്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി നിയോജകമണ്ഡലം യുഡിഎഫിലെ ചില പുഴു കുത്തുകൾ ആണ്. കോൺഗ്രസിനുള്ളിലും ഘടകകക്ഷികൾ തമ്മിലുമുള്ള അഭിപ്രായവ്യത്യാസം പലപ്പോഴും കയ്യാങ്കളി വരെ കാര്യങ്ങൾ എത്തിച്ചു. തല്ലുകൊണ്ടതും നിസ്സാരക്കാർക്ക് അല്ല, തല്ലു മേടിച്ച കൂട്ടത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ വരെയുണ്ട്. വിശദാംശങ്ങൾ ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രചരണ വാഹനത്തിൽ കയറ്റിയില്ല എന്ന് ആരോപിച്ച് മാടപ്പള്ളി മണ്ഡലം പ്രസിഡൻറ് ബാബു കുരിത്രയെ കൈകാര്യം ചെയ്തത് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മുജീബ് റഹ്മാനാണ്. കൈകാര്യം ചെയ്തു എന്നു മാത്രമല്ല ബാബു കുരീത്രയുടെ വാഹനത്തിന്റെ കാറ്റും ഊരി വിട്ടു എന്നും പറയപ്പെടുന്നു. ഡിസിസി ജനറൽ സെക്രട്ടറി നാസറിന്റെ സാന്നിധ്യത്തിലാണ് അതിക്രമം നടന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

മറ്റൊരു സംഭവം നടന്നത് കലാശക്കൊട്ടിന്റെ അന്നാണ്. തനിക്ക് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് ആരോപിച്ച് ഡിസിസി ജനറൽ സെക്രട്ടറി നാസറുമായി ചങ്ങനാശ്ശേരി മുൻ നഗരസഭാ അധ്യക്ഷൻ സെബാസ്റ്റ്യൻ മാത്യു മണമേൽ ഇടയുകയായിരുന്നു. സംഭവസ്ഥലത്തേക്ക് കയറിവന്ന ജോസി സെബാസ്റ്റ്യൻ വിഷയത്തിൽ ഇടപെടുകയും സെബാസ്റ്റ്യൻ മാത്യുവിനോട് കയർത്തു സംസാരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു. ജോസി സെബാസ്റ്റ്യൻ എന്ന കെപിസിസി ജനറൽ സെക്രട്ടറിയുടെ കരണം സെബാസ്റ്റ്യൻ മാത്യു അടിച്ചു പുകച്ചു എന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മറ്റൊരു സംഭവത്തിൽ പ്രചരണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടിയ കേരള കോൺഗ്രസ് അംഗം ബിനു മൂലയിൽ കയർത്തു സംസാരിച്ച ജോസി സെബാസ്റ്റ്യൻ പോടാ പേപ്പട്ടി എന്ന് വിളിച്ചു എന്നും യുഡിഎഫ് വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക