നാടൊക്കെ നാട്ടുകാർ ഉപേക്ഷിക്കുകയാണ് എന്ന് വാർത്തകള്‍ എത്തികൊണ്ടിരിക്കുമ്ബോള്‍ പ്രതിരോധിക്കണം എന്ന ലക്ഷ്യമുള്ളവർ ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് കേരളത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ വിദേശങ്ങളിലേക്ക് ചേക്കേറുന്നു എന്ന ന്യായം ഉയർത്തിയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലോക് സഭ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ തങ്ങള്‍ കരുതിയതിലും പിടിവിട്ട് പോകുന്ന ലക്ഷണം ആണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന പോളിങ് കണക്കുകള്‍. മലയാളികളുടെ കുടിയേറ്റം ശക്തമായ പത്തനംതിട്ടയില്‍ മുൻ തിരഞ്ഞെടുപ്പിനേക്കാള്‍ പത്തു ശതമാനം ആളുകള്‍ വോട്ട് കുറയാൻ ഇടയായപ്പോള്‍ പ്രവാസം കൂടുതല്‍ രേഖപ്പെടുത്തപ്പെട്ട മറ്റു ജില്ലകളിലും ശരാശരി ഏഴു ശതമാനം പേരുടെ കുറവാണു രേഖപ്പെടുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ട്രെൻഡിലാണ് കേരളം മുന്നോട്ട് പോകുന്നതെങ്കില്‍ വോട്ടു ചെയ്യാനുള്ള ആളുകളുടെ എണ്ണം ഭയാനകമായ തരത്തില്‍ കുറഞ്ഞു കൊണ്ടിരിക്കും എന്ന് വിളിച്ചു പറയുന്നത് ഓരോ മലയാളിക്കും മുന്നില്‍ എത്തുന്ന കണക്കുകള്‍ തന്നെയാണ്. തങ്ങളെ ജയിപ്പിച്ചു വിടാൻ പാകത്തില്‍ ഉള്ള വിധം ചെറുപ്പക്കാരും യുവത്വവും ഇല്ലാതാകുന്ന നാടായി കേരളം സാവധാനം മാറുകയാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട രാഷ്ട്രീയ നേതൃത്വം ഭാവിയില്‍ ചെറുപ്പക്കാർ നാട് വിടാനുള്ള വഴികള്‍ അടയ്ക്കാനും സാധ്യത ഏറുകയാണ്. കേരളത്തിലെ മധ്യവർഗ കുടുംബങ്ങളിലെ 33 ശതമാനവും ജോലിക്കായി അന്യ നാടുകള്‍ തേടുകയാണ് എന്നൊരു കണക്ക് അടുത്തിടെ പുറത്തു വന്നതും വോട്ടു ചോർച്ചയുമായി കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്.

വോട്ടിടിച്ചതു പ്രവാസികള്‍ – കണക്കുകള്‍: ഇതുവരെ കാണാത്ത പ്രതിഭാസമാണ് കോവിഡാനന്തര കേരളം നല്‍കുന്നത് . ജീവിക്കാൻ നാട് വിടുകയേ രക്ഷയുള്ളൂ എന്ന ചിന്തയിലാണ് കോവിഡിന് ശേഷം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നാടുപേക്ഷിക്കുന്ന ട്രെന്റിന് ആക്കം വർധിച്ചത്. തിരഞ്ഞെടുപ്പിലും മറ്റും ആവേശത്തോടെ വോട്ടു ചെയ്യാൻ എത്തേണ്ട കന്നിക്കാരും ചെറുപ്പകാരുമാണ് ഇപ്പോള്‍ കേരളം വിടുന്നവരില്‍ മുഖ്യ പങ്കും. മുൻ കാലങ്ങളില്‍ 30 കള്‍ക്ക് മുകളില്‍ പ്രായമുള്ളവരാണ് ഗള്‍ഫ് തേടിയും മറ്റും പലായനം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പ്ലസ് ടൂ കഴിയുമ്ബോള്‍ തന്നെ തുടർ പഠനത്തിനും ജോലിക്കും നല്ലതു വിദേശ രാജ്യങ്ങള്‍ ആണെന്ന വസ്തുത പൊതു സമൂഹം അംഗീകരിക്കുകയും അടുത്ത കാലത്തു ഇറങ്ങിയ ഗരുഡൻ, പ്രേമലു തുടങ്ങിയ സിനിമകളില്‍ ഒക്കെ യുകെ പഠനവും ജോലിയും പ്രമേയത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതൊക്കെ മാറുന്ന സമൂഹത്തിന്റെ മനസാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ ട്രെന്റിനോട് ഇതുവരെ സമരസപ്പെടാൻ കഴിയാതിരുന്ന സർക്കാർ സംവിധാനങ്ങള്‍ ഇപ്പോള്‍ വന്ന പോള്‍ കണക്കുകളെ അടിസ്ഥാനമാക്കി ചെറുപ്പക്കാർക്കും വിദ്യാർത്ഥികള്‍ക്കും നാട് ഉപേക്ഷിക്കാതിരിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. സ്റ്റഡി വിസയിലും കെയർ ജോലിക്കായുള്ള പ്രവാസത്തിലും ഓരോ ലോക് സഭ മണ്ഡലങ്ങളില്‍ നിന്നും പതിനായിരത്തിലേറെ ചെറുപ്പക്കാർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഇത്തവണ വോട്ടു ചെയ്യാൻ നാട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഇത് ജയപരാജയത്തില്‍ നേരിട്ട് സ്വാധീനമാകാൻ സാധ്യത ഇല്ലെങ്കിലും വരാനിരിക്കുന്ന പ്രാദേശിക, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തീർച്ചയായും ജയപരാജയ സാധ്യതകളില്‍ നിർണായകമായി മാറും എന്നുറപ്പാണ്.

മുന്നിൽ പത്തനംതിട്ട – ഒലിച്ചു പോയത് ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ ; മധ്യകേരളത്തിലും സമാന ട്രെൻഡ്:

വോട്ടിങ് ശതമാനത്തില്‍ തീരെ താഴേക്ക് പോയ പത്തനംതിട്ട മക്കള്‍ ഉപേക്ഷിച്ച വീടുകള്‍ അധികമുള്ള കേരളത്തിലെ ജില്ല എന്ന പേരില്‍ ബിബിസിയില്‍ വരെയെത്തി നില്‍ക്കുകയാണ്. നാടിനെ അപമാനിച്ചു എന്നൊക്കെ പറഞ്ഞു ബിബിസിക്ക് എതിരെ അന്ന് പ്രാദേശിക നേതാക്കള്‍ കുറെ ബഹളം വച്ചെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല എന്നാണ് അഞ്ചു വർഷം കൊണ്ട് പത്തനംതിട്ടയുടെ വോട്ടിങ് ശതമാനത്തിലെ കുറവ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ പത്തേകാല്‍ ലക്ഷം പേര് വോട്ടു ചെയ്തിടത്തു ഇത്തവണ വോട്ടിടാൻ എത്തിയത് ഒൻപതു ലക്ഷം പേര് മാത്രം .അതായതു ഒന്നേകാല്‍ ലക്ഷത്തിന്റെ കുറവ്.

കോട്ടയത്തെ മിക്ക പഞ്ചായത്തുകളില്‍ നിന്നും ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ യുകെയില്‍ മാത്രം എത്തിയിരിക്കുന്നത്. ഈ നഷ്ടമാകുന്ന വോട്ടുകളില്‍ സിംഹ ഭാഗവും കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം എന്നീ പാർട്ടികളുടേതാണ്. അതിനാല്‍ കോട്ടയത്തിന്റെ പ്രവാസം ഈ മൂന്നു കക്ഷികളെയും സാരമായി തന്നെ ഭാവിയില്‍ ബാധിക്കും എന്ന് ഉറപ്പാണ്.

കേരള കോണ്‍ഗ്രെസുകള്‍ ഏറ്റുമുട്ടിയ കോട്ടയത്ത് നിന്നും ആവിയായതു 93000 വോട്ടുകള്‍:

പത്തനംതിട്ടയുടെ തനിപ്പകർപ്പാണ് യുകെ മലയാളികള്‍ ഏറെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളും കാണിച്ചു തരുന്നത്. ഏറെ യുകെ മലയാളികളും ആകാംഷയോടെ നോക്കുന്ന കോട്ടയത്ത് ഇത്തവണ 90000 വോട്ടിന്റെ ചോർച്ച ആണ് സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണി യുഡിഎഫില്‍ നിന്നും ജയിച്ചു പോയ 2014 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ കുറവാണു ഇത്തവണ പോള്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ തവണ ആകെ 9.10 ലക്ഷം പേര് വോട്ടു ചെയ്ത കോട്ടയത്ത് ഇത്തവണ വോട്ടു ചെയ്തത് 8.23 ലക്ഷം മാത്രം.

കോട്ടയത്തെ മിക്ക പഞ്ചായത്തുകളില്‍ നിന്നും ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ യുകെയില്‍ മാത്രം എത്തിയിരിക്കുന്നത്. ഈ നഷ്ടമാകുന്ന വോട്ടുകളില്‍ സിംഹ ഭാഗവും കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം എന്നീ പാർട്ടികളുടേതാണ്. അതിനാല്‍ കോട്ടയത്തിന്റെ പ്രവാസം ഈ മൂന്നു കക്ഷികളെയും സാരമായി തന്നെ ഭാവിയില്‍ ബാധിക്കും എന്ന് ഉറപ്പാണ്.

ഇടുക്കിയിൽ ചോർന്നത് പത്തു ശതമാനം , 91000 വോട്ടുകള്‍ പോയ വഴി തപ്പി നട്ടം തിരിഞ്ഞു പാർട്ടികള്‍:

പത്തനംതിട്ടയ്ക്കും കോട്ടയത്തിനും സമാനമായ കാഴ്ചകളാണ് ഇടുക്കിയും നല്‍കുന്നത്. കുടിയേറ്റ കർഷകരുടെ വരുമാനം ഇല്ലാതായ ജില്ലയില്‍ ഇനി ജീവിക്കാൻ മറുനാടുകളാണ് അഭയം എന്ന തിരിച്ചറിവോടെയാണ് ചെറുപ്പക്കാർ നാട് ഉപേക്ഷിക്കുന്നത്. വമ്ബൻ വോട്ടു ചോർച്ച ഭാവിയില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കേരള കോണ്‍ഗ്രസിനും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ സമ്മാനിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഇടുക്കി നല്‍കുന്നത്. യുകെയിലും കാനഡയിലും ഒക്കെയായി ഇടുക്കിക്കാർ കുടിയേറിയതുകൊണ്ട് മാത്രമാണ് കാർഷിക വരുമാനം ഇല്ലാതായ കുടുംബങ്ങള്‍ ഇപ്പോള്‍ പിടിച്ചു നില്കുന്നത്. മലയോര ജില്ലയില്‍ നിന്നും നഴ്‌സിങ് പഠിക്കാൻ പോലും ഇപ്പോള്‍ യുകെയിലേക്ക് പറക്കുന്നതാണ് ട്രെൻഡ്.

മാവേലിക്കരയില്‍ 13 ലക്ഷം വോട്ടർമാരില്‍ വോട്ടു ചെയ്തത് എട്ടര ലക്ഷം പേര്, ചോർന്നുപോയ വോട്ടുകള്‍ 87000:

സംസ്ഥാനത്ത് പത്തനംതിട്ട കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ പോളിങ് നടന്ന സ്ഥലമാണ് മാവേലിക്കര. ആവേശം സൃഷ്ടിക്കുന്ന ഒരു മത്സരമായി നാട്ടുകാർക്ക് തോന്നാത്തതും പ്രവാസികളുടെ സ്വാധീനം ഉള്ള സ്ഥലം എന്നതും ഒക്കെ വോട്ടു ചോർച്ചയില്‍ കാരണം ആയിട്ടുണ്ടാകാം. വെറും 65 ശതമാനം പേര് വോട്ടു ചെയ്തപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് വന്നത് 87000 വോട്ടുകളാണ്.

കുടിയേറ്റ മലയാളികള്‍ നിർണായക സ്വാധീനമായ ഈ നാല് മണ്ഡലങ്ങള്‍ തന്നെയാണ് വോട്ടു ചോർച്ചയില്‍ മുന്നില്‍ നില്കുന്നത്. മറ്റു മണ്ഡലങ്ങളിലും വോട്ടു ചോർച്ച സംഭവിച്ചിട്ടുണ്ടെങ്കിലും താരതമെന്യേ ഭേദപ്പെട്ട നിലയിലാണ്. പക്ഷെ കുടിയേറ്റം ഇതേ നിരക്കില്‍ തുടർന്നാല്‍ കേരളം ഒട്ടാകെ മധ്യകേരളത്തിന്റെ നിലയിലേക്ക് മാറ്റപ്പെടും എന്ന കാര്യത്തില്‍ തർക്കമില്ല. സിംഗപ്പൂർ പോലെ ആക്കിയിലെങ്കിലും ചെറുപ്പക്കാർക്ക് ജീവിക്കാൻ പറ്റുന്ന നാടാക്കി കേരളത്തെ മാറ്റിയില്ലെങ്കില്‍ ആദ്യ തട്ട് കിട്ടുന്നത് പരമ്ബരാഗത പാർട്ടികള്‍ക്ക് തന്നെ ആയിരിക്കും എന്ന സൂചന കൂടി നല്‍കിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊടിയിറക്കം സംഭവിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക