ഇന്ത്യൻ വാഹന വിപണിയില്‍ കിയ മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായിരുന്ന കാര്‍ണിവല്‍ എം.പി.വിയെ പിൻവലിച്ച്‌ നിര്‍മാതാക്കള്‍. വില്‍പ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വാഹനം കിയ മോട്ടോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഷോറൂമുകള്‍ മുഖേന കാര്‍ണിവല്‍ എം.പി.വിയുടെ ബുക്കിങ്ങ് സ്വീകരിക്കുന്നതും അവസാനിപ്പിച്ചതായാണ് സൂചനകള്‍. കുറഞ്ഞ വിലയില്‍ ആഡംബര ഫീച്ചറുകളുമായെത്തിയ ഈ വാഹനം വലിയ ജനപ്രീതി സ്വന്തമാക്കിയിരുന്നു.

നിലവിലെ കാര്‍ണിവല്‍ എം.പി.വിയെ വിപണിയില്‍ നിന്ന് പിൻവലിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷത്തോടെ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കാര്‍ണിവലിന്റെ പുതിയ പതിപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന കിയ കെ.എ.4 എന്ന മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യാന്തര വിപണികളില്‍ കാര്‍ണിവലിന്റെ നാലാം തലമുറയായി എത്തിയ വാഹനമാണ് കെ.എ4 എന്ന പേരില്‍ എത്തിച്ചതെന്നാണ് വിലയിരുത്തലുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് കിയ കാര്‍ണിവല്‍ എന്ന മോഡല്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. ഇതിനുപിന്നാലെ തന്നെ കാര്‍ണിവല്‍ വിപണിയിലും എത്തിയിരുന്നു. എന്നാല്‍, കോറോണ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച വില്‍പ്പന നേട്ടം ഈ വാഹനം ഉണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, രാജ്യാന്തര വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ച ഈ വാഹനത്തിന്റെ നാലാം തലമുറ മോഡല്‍ അവിടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രീമിയം വാഹനത്തിന്റെ ഫീച്ചറുകളുമായി കുറഞ്ഞ വിലയില്‍ ലഭിക്കുന്നുവെന്നതായിരുന്നു കാര്‍ണിവലിന്റെ പ്രത്യേകത. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം, നിരവധി സിനിമതാരങ്ങളുടെ ഇഷ്ടവാഹനം എന്നിങ്ങനെയും കാര്‍ണിവല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഴ്, എട്ട്, ഒമ്ബത് സീറ്റിങ്ങ് ഓപ്ഷനുകളില്‍ കാര്‍ണിവല്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 30.97 ലക്ഷം രൂപ മുതല്‍ 35.48 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എൻജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എൻജിൻ 200 ബിഎച്ച്‌പി പവറും 440 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഈ വാഹനത്തില്‍ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 5115 എം.എം. നീളവും 1985 എം.എം. വീതിയും 1740 എം.എം. ഉയരവും 3060 എം.എം. വീല്‍ബേസിലുമാണ് കാര്‍ണിവല്‍ എത്തിയിട്ടുള്ളത്. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെ എതിരാളിയായി പ്രഖ്യാപിച്ചായിരുന്നു കാര്‍ണിവലിന്റെ ഇന്ത്യയിലേക്കുള്ള വരവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക