തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ കടമെടുക്കാൻ കഴിയുന്ന തുക 937 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതോടെ സംസ്ഥാന സർക്കാരിന്റെ അടുത്ത മാസത്തെ ചെലവുകൾ പ്രതിസന്ധിയിൽ. പണമില്ലാത്തതിനാൽ പദ്ധതി വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കൽ വന്നേക്കും. കഴിഞ്ഞ വർഷം 25 ശതമാനത്തോളം വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇക്കുറി ഇത് 35 ശതമാനമായി വർധിക്കാനാണു സാധ്യത.

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ പദ്ധതിച്ചെലവ് 56 ശതമാനമേ ആയിട്ടുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്ന പതിവുള്ളതിനാൽ 25,000 കോടി രൂപയെങ്കിലും അടുത്ത മാസം ട്രഷറിയിൽനിന്നു ചെലവിടാമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ പാളി. 6,000 കോടി നികുതി വരുമാനവും 500 കോടി നികുതിയിതര വരുമാനവും കടമെടുക്കുന്ന 937 കോടിയും മറ്റെല്ലാ വരുമാനങ്ങളും ചേർ‌ത്ത് 10,000 കോടി രൂപയിൽ താഴെ മാത്രമേ ഇപ്പോഴത്തെ നിലയിൽ സർക്കാരിനു സമാഹരിക്കാൻ കഴിയൂ. കടമെടുക്കാമെന്നു കരുതിയ തുകയിൽനിന്നു 2,700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്കു കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപു കടമെടുത്തതിന്റെ പലിശ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിവിധ സബ്സിഡികൾ എന്നിവയ്ക്കായി നൽകാൻ മാർച്ചിൽ മാത്രം 5,000 കോടി രൂപയെങ്കിലും വേണം. ഇവ ഒഴിവാക്കാൻ കഴിയാത്ത ചെലവുകളാണ്. പിന്നെ ബാക്കിയുള്ള 5,000 കോടി കൊണ്ടു വർഷാവസാന ചെലവുകളിൽ കാൽ പങ്കു പോലും നിറവേറ്റാൻ കഴിയില്ല.

ഇത്ര ഗുരുതരമായ പ്രതിസന്ധി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സഹകരണ ബാങ്കിൽനിന്നു 2,000 കോടി വായ്പയെടുക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ ബവ്റിജസ് കോർപറേഷൻ സർക്കാരിലേക്ക് അടയ്ക്കേണ്ട പണം മുൻകൂറായി വാങ്ങും. ആവശ്യത്തിനു പണമുള്ള ചില ക്ഷേമനിധി ബോർഡുകളെയും സമീപിക്കും.

റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള 1,600 കോടിയുടെ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് ഇപ്പോൾ‌ത്തന്നെ അടിക്കടി സർക്കാർ വാങ്ങുന്നുണ്ട്. ഓവർഡ്രാഫ്റ്റായി 1,600 കോടി രൂപ കൂടി സ്വീകരിക്കേണ്ടി വരും. വളരെ അസാധാരണ സാഹചര്യത്തിലാണ് സർക്കാർ ഓവർഡ്രാഫ്റ്റിലേക്കു നീങ്ങാറുള്ളത്. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനും 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണു സർ‌ക്കാർ‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക