
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണിത്. 2016ല്‍ കേരളത്തിന്റെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു.
ഭരണഘടന അനുച്ഛേദം 293 (3) പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദനീയമായ കടമെടുപ്പ് പരിധി കേരളത്തിനും നല്‍കിയിട്ടുണ്ട്. ധനകാര്യ കമീഷൻ ശിപാർശ പ്രകാരമുള്ള കടമെടുപ്പിന് കേരളത്തിനും അവകാശമുണ്ട്. കേരളത്തിന്റെ സാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് കടമെടുപ്പ് പരിധി നിയമവ്യവസ്ഥക്കപ്പുറം വർധിപ്പിക്കാൻ കഴിയില്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
2023-24 ല്‍ കേരളത്തിന് അനുവദനീയമായ കടമെടുപ്പ് പരിധി 32,442 കോടി രൂപയാണ്. 1,787.38 കോടി രൂപ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതിയും പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം കടബാധ്യതകളിൽ ഉണ്ടായ കുതിച്ചുചാട്ടവും വ്യക്തമാക്കുന്നതാണ് കണക്കുകൾ.