നവകേരള സദസ്സിനുള്ള പോസ്റ്ററുകളും പ്രചരണ സാമഗ്രികളും അടിച്ചയിനത്തിൽ കിട്ടാനുള്ളത് 11 കോടി രൂപ; ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനാവാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പൊതുമേഖലാ സ്ഥാപനം: സർക്കാരിന്റെ ധൂർത്തു മൂലം പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടിക്കെട്ടുന്ന നവ കേരള മോഡൽ ഇങ്ങനെ.
കോഴിക്കോട്: നവകേരള സദസ്സിനായി പോസ്റ്ററുകളും ബ്രോഷറുകളും മുഖ്യമന്ത്രിയുടെ കത്തും അച്ചടിച്ച വകയില്‍ കിട്ടാനുള്ള 11 കോടിയിലേറെ രൂപ കിട്ടാതെ വലഞ്ഞ് സർക്കാർ സ്ഥാപനം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സിആപ്റ്റ്) ആണ് ജീവനക്കാർക്ക് ശമ്ബളം കൊടുക്കാൻ പോലും പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
നവകേരള സദസ്സിന്റെ പ്രചാരണങ്ങള്‍ക്കായി 25 ലക്ഷം പോസ്റ്ററുകള്‍, മുഖ്യമന്ത്രി എഴുതിയ കത്തുകള്‍ (96.35 ലക്ഷം), ബ്രോഷറുകള്‍ (96.35 ലക്ഷം) എന്നിവയാണ് സി ആപ്റ്റ് അച്ചടിച്ചു നല്‍കിയത്. ജീവനക്കാർ കൂടുതല്‍ സമയം ജോലി ചെയ്താണ് നല്ല ഗുണമേന്മയില്‍, പറഞ്ഞ സമയത്തു തന്നെ അച്ചടി പൂർത്തിയാക്കിയത്. അച്ചടിച്ചെലവു മാത്രം 10 കോടിയിലേറെ രൂപയായി.
പ്രചാരണ സാമഗ്രികളെല്ലാം സ്വന്തം ചെലവില്‍ ഓരോ ജില്ലയിലും എത്തിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ നവകേരള സദസ്സ് കഴിഞ്ഞു രണ്ടു മാസമായെങ്കിലും ഇതുവരെ സർക്കാർ പണം നല്‍കിയിട്ടില്ല. സാമ്ബത്തിക പ്രതിസന്ധി മൂലമാണ് ധനകാര്യ വകുപ്പ് ക്ലിയറൻസ് നല്‍കാത്തതെന്നാണ് വിവരം.