കോട്ടയം ജില്ലയില്‍ സി പി ഐ എമ്മിന്റെ ജനകീയ മുഖങ്ങളില്‍ ഒന്നായ സുരേഷ് കുറുപ്പ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നേക്കും എന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ട എന്നും സി പി ഐ എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാനും ആണ് തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്.ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഒന്നരയാഴ്ചയ്ക്കു ശേഷം എല്ലാം പറയാം എന്നാണ് സുരേഷ് കുറുപ്പ് പ്രതികരിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസിന്റേയും കേരള കോണ്‍ഗ്രസിന്റേയും ശക്തി ദുര്‍ഗമായ കോട്ടയത്ത് സി പി ഐ എമ്മിന്റെ ഉറച്ച ശബ്ദമായിരുന്നു സുരേഷ് കുറുപ്പ്. 26 വര്‍ഷം ലോക്‌സഭയിലും നിയമസഭയിലും സി പി ഐ എമ്മിനെ പ്രതിനിധീകരിച്ച്‌ എത്തിയിരുന്നു. ഏഴ് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേഷ് കുറുപ്പ് അതില്‍ നാല് തവണയും വിജയിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം 1984 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു ജയിച്ച 3 എല്‍ ഡി എഫ് സ്ഥാനാര്‍ഥികളിലെ ഏക സി പി ഐ എം പ്രതിനിധി സുരേഷ് കുറുപ്പായിരുന്നു. സുരേഷ് കുറുപ്പിന്റെ ആദ്യ തെരഞ്ഞെടുപ്പുമായിരുന്നു അത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭയിലേക്കുള്ള മത്സരങ്ങളിലും സുരേഷ് കുറുപ്പിലൂടെ സി പി ഐ എം ജയം നേടി. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ രണ്ട് തവണ എം എല്‍ എയായി. തോമസ് ചാഴികാടനിലൂടെ 20 വർഷമായി കേരള കോൺഗ്രസ് കുത്തകയായിരുന്ന സീറ്റാണ് കുറുപ്പ് പാർട്ടിക്ക് വേണ്ടി തിരിച്ചുപിടിച്ചത്. തുടരെ രണ്ട് തവണ മത്സരിച്ചവര്‍ക്കു സീറ്റ് നല്‍കേണ്ട എന്ന സി പി ഐ എം തീരുമാനം മൂലമാണ് സുരേഷ് കുറുപ്പിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവസരം ലഭിക്കാതിരുന്നത്. അല്ലെങ്കില്‍ ഇത്തവണ പിണറായി മന്ത്രിസഭയിലും സുരേഷ് കുറുപ്പിന് അവസരമുണ്ടായേനെ.

ഇത്തവണ വി എന്‍ വാസവനാണ് കോട്ടയം ജില്ലയില്‍ നിന്ന് മന്ത്രി സ്ഥാനം ലഭിച്ചത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സുരേഷ് കുറുപ്പ് ഡി വൈ എഫ് ഐയിലോ പാര്‍ട്ടി സംസ്ഥാന ഘടകത്തിലോ എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിലവില്‍ കോട്ടയം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സുരേഷ് കുറുപ്പ്. കുറച്ച്‌ നാളുകളായി പാര്‍ട്ടി പരിപാടികളില്‍ സജീവമല്ല സുരേഷ് കുറുപ്പ്. തിരുനക്കര വടക്കേനടയില്‍ സായ് സേവാ കേന്ദ്രത്തിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന സുരേഷ് കുറുപ്പ് തിരുനക്കരയിലെ കുറ്റിക്കാട്ട് തറവാടു വീട് അറ്റകുറ്റപ്പണി നടത്തുന്ന തിരക്കിലാണ്. ജനുവരിയില്‍ അവിടേക്ക് താമസം മാറും. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റുമാനൂരിലോ കോട്ടയത്തോ സംഘടിപ്പിച്ച പൊതുപരിപാടികളില്‍ സുരേഷ് കുറുപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക