എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയരാജന് നിര്‍ദ്ദേശം നല്‍കിയതായും ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘ഇ.പി.ജയരാജന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞതാണ്. നടന്ന കാര്യങ്ങള്‍ വളരെ നിഷ്‌കളങ്കമായിപറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. അദ്ദേഹം ആ പറഞ്ഞതിന്റെ പേരില്‍ പ്രചാരവേല നടക്കുന്നുണ്ട്. പാര്‍ട്ടിക്ക് എല്ലാം ബോധ്യമായി. ആരോപണങ്ങള്‍ക്കെതിരെ ഇ.പിക്ക് നിയമനടപടി സ്വീകരിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരെയെങ്കിലും കണ്ടാല്‍ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് വിചാരിക്കേണ്ട.രാഷ്ട്രീയ എതിരാളികളെ കാണുമ്ബോള്‍ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കല്‍പ്പമാണ്. ഇ.പിയുടെ തുറന്നുപറച്ചില്‍ തിരഞ്ഞെടുപ്പില്‍ ദോഷമാകില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കില്‍ മാത്രം പാര്‍ട്ടിയെ അറിയിച്ചാല്‍ മതി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചെന്ന് ഇപി പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു. കേസ് അടക്കം കാര്യങ്ങള്‍ ആലോചിക്കണം. ദില്ലിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭ സുരേന്ദ്രനെതിരെ ഇപി കേസ് കൊടുക്കുമെന്നും’ എം. വി ഗോവിന്ദന്‍ അറിയിച്ചു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനു നല്‍കാന്‍ അഹ്വാനമുണ്ടായി. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അജന്‍ഡ. ജനങ്ങള്‍ ഇതു തള്ളിക്കളയുമെന്നാണ് വിശ്വാസമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക