കേരളത്തിൽ വേനലും തിരഞ്ഞെടുപ്പ് ചൂടും ഓരോ ദിവസവും കടുപ്പമായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുറത്തിറങ്ങുന്ന പ്രവർത്തകർ വെയിലേറ്റ് തളരുകയാണ്. എന്നാൽ കോട്ടയത്ത് ഇപ്പോൾ വിവാദമാകുന്നത് ഒരു വിഭാഗം പ്രാദേശിക സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൊടുമ്പിരികൊണ്ടിരിക്കവേ 10 ദിവസത്തേക്ക് ലക്ഷദ്വീപിന് ടൂർ പോയ സംഭവമാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ നേതാവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ഒക്കെയാണ് ടൂർ സംഘത്തിലുള്ളത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തിന്റെ ചുമതലയുള്ളവർ വരെ ഇങ്ങനെ ടൂർ പോയിരിക്കുന്നത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനുള്ളിലും പരാതി ഉയരുന്നുണ്ട്. ടൂർ സംഘം തങ്ങളുടെ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദമുയർന്നത്. പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ചർച്ചകളും സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്ത് സർവ്വേഫലങ്ങൾ ഭൂരിഭാഗവും ഇടതുപക്ഷത്തിനെതിരാണ്. യുഡിഎഫ് മണ്ഡലം തിരികെ പിടിക്കും എന്നാണ് പൊതു വിലയിരുത്തൽ. അങ്ങനെ കടുത്ത മത്സരം നടക്കുന്ന സമയത്താണ് പാർട്ടിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്വം ലഭിച്ചവർ ഉൾപ്പെടെ ലക്ഷദ്വീപിലേക്ക് 10 ദിവസത്തെ ടൂർ പ്രോഗ്രാമിന് പോയത്. കേരള കോൺഗ്രസ് ജില്ലാ നേതൃത്വം ഇതുമായി ബന്ധപ്പെട്ട പരാതി ഇടത് മുന്നണിയിൽ ഉയർത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

എണ്ണയിട്ട യന്ത്രം പോലെ സിപിഎം സംവിധാനങ്ങൾ ചാഴികാടന് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പടുമ്പോഴാണ് ഇത്തരം ഒരു സംഭവം പുറത്തു വന്നത്. പുറമേയുള്ള പ്രകടനങ്ങൾക്കപ്പുറം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സിപിഎമ്മിന് വലിയ ആവേശം ഇല്ല എന്ന് ആക്ഷേപം ശക്തിപ്പെടുത്തുകയാണ് ഈ വിവാദം. പുതുപ്പള്ളിയിൽ കേരള കോൺഗ്രസുകാർ ചെയ്തത് വെച്ചുനോക്കുമ്പോൾ ഇതൊരു സംഭവമേ അല്ല എന്നാണ് ടൂർ പ്രോഗ്രാമിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ചാഴികാടന് കനത്ത പരാജയം ഉണ്ടായാൽ അതിന്റെ പഴി സിപിഎമ്മിന്റെ തലയിൽ ചാരാനുള്ള നീക്കമാണ് ടൂർ വിവാദത്തിന് പിന്നിൽ എന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഏതായാലും വരും ദിവസങ്ങളിലും ടൂർ ഒരു വിവാദമായി തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക