കാസര്‍കോട് : വയോധികയുടെ വോട്ട് സിപിഎം ബൂത്ത് ഏജന്റ് രേഖപ്പെടുത്തിയ സംഭവത്തില്‍ 5 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് വരണാധികാരി കൂടിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരി പാറക്കടവിലാണ് സംഭവം നടന്നത്. ദേവി എന്ന വയോധികയുടെ വോട്ട് പോള്‍ ചെയ്യിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വീട്ടിലെത്തിയത്. ഒപ്പം കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനും എത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ട് രേഖപ്പെടുത്തുന്ന സമയത്താണ് ശണേശന്‍ വോട്ടറുടെ അടുത്തെത്തി വോട്ട് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു ഈ വോട്ട് രേഖപ്പെടുത്തല്‍. ഉദ്യോഗസ്ഥരാരും ഇയാളെ തടഞ്ഞതുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പരാതിയായത്. ഗണേശന്റെ നടപടി കള്ളവോട്ട് ചെയ്യുന്നതിന് സമാനമാണെന്ന് യുഡിഎഫ് ആരോപിച്ചു. വരാണാധികാരിക്ക് പരാതി നല്‍കുകയും ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കളക്ടര്‍ നടപടിയെടുത്തത്. സിപിഎം ബൂത്ത് ഏജന്റിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ക്രിമിനല്‍ നടപടികള്‍ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ വഴി കണ്ണപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.85 വയസ് പിന്നിട്ടവര്‍ക്കും കിടപ്പ് രോഗികള്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവുന്നതിനാണ് കമ്മിഷന്‍ വീട്ടില്‍ വോട്ട് (vote from home) സംവിധാനം നടപ്പിലാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക