കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തിലെ ഇടതു സര്‍ക്കാരിന്റെ മെല്ലപ്പോക്കിന് പിന്നാലെ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നു കേരളാ കോണ്‍ഗ്രസ് (എം). സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമായി, ഞായറാഴ്ച കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്‌കൂളുകള്‍ തുറക്കില്ലെന്നു കെ.സി.ബി.സി. പ്രഖ്യാപിച്ചതോടെ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തള്ളിപ്പറഞ്ഞ് കേരള കേരളാ കോണ്‍ഗ്രസ് (എം) രംഗത്തെത്തി.
പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായ കത്തോലിക്കാ സഭ കൈവിട്ടാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ബോധ്യമായതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരളാ കോണ്‍ഗ്രസ് രംഗത്തുവന്നത്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ ഭാരവാഹി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കള്‍കൂടി പങ്കെടുത്ത യോഗമാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരേ രംഗത്തുവന്നത്.
-->

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഓഫീസിലെത്തണമെന്ന ഉത്തരവു മുമ്ബ് കേരള കോണ്‍ഗ്രസിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ഉത്തരവിനെതിരേയും കെ.സി.ബി.സി.രംഗത്തു വന്നിരുന്നു. ഞായറാഴ്ച സ്‌കൂളുകള്‍ തുറക്കുന്നതിനെതിരേ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുളള തീരുമാനം ആസുത്രിതമാണെന്നാണ് കെ.സി.ബി.സി ചൂണ്ടിക്കാട്ടുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിലും കേരളാ കോണ്‍ഗ്രസ് ആശങ്ക അറിയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിന് സ്വാധീനമുളള സ്ഥലങ്ങളിലൂടെയാണ് സില്‍വര്‍ലൈനിന്റെ സര്‍വേ നടന്നത്. ഇവിടങ്ങളില്‍ സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭ രംഗത്ത് വന്നതോടെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടത് മുന്നണിയെ തള്ളി ഒറ്റയ്ക്ക് പോരാടാന്‍ കേരളാ കോണ്‍ഗ്രസ് (എം) തീരുമാനമെടുത്തിരുന്നു. ബഫര്‍ സോണ്‍ വനമേഖലയ്ക്കുള്ളില്‍ തന്നെ വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുന്നത്.
ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി നേതൃത്വം കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിച്ചിരിക്കുകയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കേന്ദ്ര ഉന്നതാധികാര സമിതിയെ ഇനിയും സമീപിച്ചിട്ടില്ല. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന വിധിയില്‍ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാന്‍ കഴിയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുകയാണുണ്ടായത്. 1977ന് ശേഷം നടന്ന അനധികൃത താമസവും കൈയേറ്റവും ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനെ കേരളാ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക