
നോയിഡ: കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സൂപ്പര്‍ടെക് കമ്ബനിയുടെ ഇരട്ട ടവര്‍ പൊളിച്ചു മാറ്റി. ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. സെക്‌ടര്‍ 93 എയിലെ അപെക്‌സ്, സെയാനിന്‍ എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്, കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ ടവറുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്ബനിയാണ് നോയിഡയിലെ ഫ്ലാറ്റ് പൊളിക്കലിനും നേതൃത്വം നല്‍കിയത്. ഇന്ത്യയില്‍ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. 37,000 കിലോ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. ഒന്‍പത് സെക്കന്‍ഡ് കൊണ്ട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടുകയും അടുത്ത 5 സെക്കന്‍ഡ് കൊണ്ട് കെട്ടിടം നിലം പൊത്തുകയും ചെയ്തു.
ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവെച്ചു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ടവറുകള്‍ തമ്മില്‍ ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മ്മിച്ചെന്നുമുള്ള നിയമ ലംഘനങ്ങളെ തുടര്‍ന്നാണ് ഫ്ലാറ്റ് പൊളിച്ചു മാറ്റിയത്. അതേസമയം, ഫ്ലാറ്റ് വാങ്ങിയവര്‍ക്ക് തുകയും 12 ശതമാനം പലിശയും കമ്ബനി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.