ദുബായ്: ഏഷ്യാ കപ്പിലെ നിര്‍ണയക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വീഴ്‌ത്തിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറിന്റെ നാലാം പന്തില്‍ ലോങ് ഓണിലൂടെ സിക്‌സര്‍ പറത്തിയാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സ്മ്മാനിച്ചത്. സ്‌കോര്‍ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147ന് ഓള്‍ ഔട്ട്, ഇന്ത്യ 19.4 ഓവറില്‍ 148-5.

രവീന്ദ്ര ജഡേജ (29 പന്തില്‍ 35), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 33*) എന്നിവര്‍ ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അവസാന ഓവറില്‍ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാര്‍ത്തിക്കിനൊപ്പം (1 പന്തില്‍ 1*) ചേര്‍ന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്കു പിഴച്ചു. ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ (പൂജ്യം) വിക്കറ്റ് രണ്ടാം പന്തില്‍ തന്നെ വീണു. പത്തൊന്‍പതുകാരനായ നസീം ഷായാണ് അരങ്ങേറ്റ മത്സരത്തില്‍ രാഹുലിനെ ഗോള്‍ഡന്‍ ഡക്കായി പുറത്താക്കിയത്. പിന്നാലെയെത്തിയത്, നൂറാം രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (18 പന്തില്‍ 12) കാഴ്ചകാരനാക്കി കോലി ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിച്ചു. 34 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് കോലി എടുത്തത്.

എട്ടാം ഓവറില്‍ മുഹമ്മദ് നവാസിനെ സിക്‌സര്‍ പറത്തി രോഹിത്തും ഗിയര്‍ മാറ്റിയെങ്കിലും ആ ഓവറില്‍ തന്നെ പുറത്തായി. ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ച രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. പത്താം ഓവറില്‍ നവാസ് തന്നെ കോലിയെയും വീഴ്‌ത്തി. പിന്നീടെത്തിയെ സൂര്യകുമാര്‍ യാദവിനും (18 പന്തില്‍ 18) അധികം ആയുസ്സ് ഉണ്ടായില്ല. സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും പിടിച്ചു നിന്നെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. ഒടുവില്‍ നസീം ഷാക്കെതിരെ കെട്ടുപൊട്ടിക്കാന്‍ നോക്കിയ സൂര്യകുമാര്‍(18 പന്തില്‍ 18) ക്ലീന്‍ ബൗള്‍ഡായതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. പിന്നീടാണ് ജഡേജയും ഹാര്‍ദ്ദിക്കും ഒത്തുചേര്‍ന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വിജയത്തിലേക്ക് അവസാന മൂന്നോവറില്‍ 32 റണ്‍സും രണ്ടോവറില്‍ 21 റണ്‍സും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റണ്‍സടിച്ച്‌ അവസാന ഓവറില്‍ ലക്ഷ്യം ഏഴ് റണ്‍സാക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്‌സ് അടിച്ച്‌ ഫിനിഷ് ചെയ്യാന്‍ ശ്രമിച്ച രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായതോടെ വീണ്ടും ട്വിസ്റ്റ്. രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഹാര്‍ദ്ദികിന് റണ്ണെടുക്കാനായില്ല. ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ്. നാലാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ ഹാര്‍ദ്ദിന്റെ സിക്‌സര്‍. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നു വിക്കറ്റും അരങ്ങേറ്റക്കാരന്‍ നസീം ഷാ രണ്ടു വിക്കറ്റും വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോര്‍ ഉയര്‍ത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോര്‍ പാക്കിസ്ഥാന് അപ്രാപ്യമാകുകയായിരുന്നു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക