പാലാ നഗരസഭയിൽ ഇടതുമുന്നണിയാണ് ഭരണം നടത്തുന്നത്. യുഡിഎഫിൽ ആയിരുന്ന കാലത്തേതുപോലെ കേരള കോൺഗ്രസിന് ഒറ്റയ്ക്ക് നഗരസഭയിൽ ഭൂരിപക്ഷം ഇല്ല. അതുകൊണ്ടുതന്നെ മുന്നണി ധാരണ അനുസരിച്ച് നഗരസഭാ ചെയർമാൻ സ്ഥാനം രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ പിന്നീട് ഒരു വർഷത്തേക്ക് സിപിഎമ്മിന് നൽകേണ്ടതാണ്. എന്നാൽ ഈ ധാരണകളെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം നടത്തുന്നത്.

പാലാ നഗരസഭ അധ്യക്ഷസ്ഥാനം ജനറൽ കാറ്റഗറിയിലാണ്. സിപിഎമ്മിനെ സംബന്ധിച്ച് പാർലമെന്റെറി പാർട്ടി ലീഡറും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വിജയിച്ച ഏക അംഗവും ബിനു പുളിക്കക്കണ്ടം ആണ്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വാഭാവികമായും ചെയർമാൻ പദവിയിലേക്ക് എത്തേണ്ടതാണ്. എന്നാൽ ബിനുവിന് തുരങ്കം വയ്ക്കാനുള്ള നീക്കങ്ങളാണ് കേരള കോൺഗ്രസ് പാളയങ്ങളിൾ ഇപ്പോൾ നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടക്ക് കയ്യാങ്കളി ചൂണ്ടിക്കാട്ടി:

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിനുവും കേരള കോൺഗ്രസ് നേതാവും നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലും തമ്മിൽ നഗരസഭാ യോഗത്തിനിടയിൽ കയ്യാങ്കളി ഉണ്ടായിരുന്നു. ബൈജു നടത്തിയ ദുരുദ്ദേശപരമായ പരാമർശങ്ങൾ ആയിരുന്നു ഇതിനു കാരണം. നഗരസഭയിൽ ഭരണകൂടത്തെ സ്ഥിരം പ്രതിസന്ധിയിലാക്കുന്ന വ്യക്തിയാണ് നേതാവായ ബൈജു കൊല്ലംപറമ്പിൽ. എന്നാൽ ഈ കയ്യാങ്കളി മാണി സി കാപ്പനെ സഹായിക്കാൻ ബിനു ആസൂത്രണം ചെയ്തതാണെന്ന വ്യാജ പ്രചരണം ആണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ നടത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ ബൈജുവാണ് പ്രകോപനം സൃഷ്ടിച്ചതും കയ്യാങ്കളി ആരംഭിച്ചതും. ഇത് മറച്ചുവെച്ചുകൊണ്ടാണ് ബോധപൂർവ്വമായ വ്യാജപ്രചരണം.

പാർട്ടിയിലേക്ക് എത്തിയ പുതുമുഖത്തിന് സിപിഎം നൽകുന്നത് ഉറച്ച പിന്തുണ:

20 വർഷക്കാലമായി നഗരസഭാ കൗൺസിലറായ ബിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആണ് സിപിഎമ്മിൽ എത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം നഗരസഭാ ഭരണത്തിൽ നിർണായകസ്വാധീനം അർപ്പിക്കുവാൻ തങ്ങൾക്ക് ഗുണകരമായി എന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. പാലായിൽ നിന്നുള്ള മുതിർന്ന നേതാക്കൾക്കും, ജില്ലാ നേതൃത്വത്തിനും, മന്ത്രി വി എൻ വാസവനും അതുകൊണ്ടുതന്നെ വേണ്ടത്ര അംഗീകാരവും പ്രാമുഖ്യവും ബിനുവിന് നൽകണമെന്ന് നിർബന്ധം ഉള്ളവരാണ്. സഹകരണമേഖലയിൽ മുൻ പരിചയം ഒന്നും ഇല്ലാഞ്ഞിട്ടും കിഴതടിയൂർ ബാങ്ക് ഭരണസമിതിയിലേക്ക് ബിനു പുളിക്കക്കണ്ടം സിപിഎം പ്രതിനിധിയായി മത്സരിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ്.

കേരള കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത് ജനകീയ വിഷയങ്ങളിലെ സജീവമായ ഇടപെടൽ:

ദേശീയ കായിക താരത്തെ നഗരസഭാ സ്റ്റേഡിയത്തിൽ സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗമായ കേരള കോൺഗ്രസ് നേതാവ് അശ്ലീലകരമായ പരാമർശം നടത്തി അവഹേളിച്ച സംഭവത്തിൽ ആദ്യം ഓടിയെത്തിയത് സിപിഎം നേതാക്കൾ ആയിരുന്നു. ദേശീയ നീന്തൽ താരമായ ബിനു മുൻകൈയെടുത്താണ് ഈ നീക്കം നടത്തിയതെന്നും കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം സംശയിക്കുന്നുണ്ട്. തങ്ങളുടെ നേതാവായ ആളെ ഈ വിഷയത്തിന് പേരിൽ സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കേണ്ട ഗതികേട് ഉണ്ടായതും കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്.

ജോസ് കെ മാണിക്ക് ബാധ്യതയാകുന്നത് സ്വന്തം പാർട്ടിയുടെ നേതാക്കൾ:

യുഡിഎഫ് അല്ല എൽഡിഎഫ് എന്നും, കോൺഗ്രസ് അല്ല സിപിഎം എന്നും തിരിച്ചറിയാത്ത സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെയാണ് ജോസ് കെ മാണിക്ക് പാലായിൽ ബാധ്യത ആകുന്നത്. ഇവരുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാകുന്ന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നടപടികൾ ജോസ് കെ മാണി പാലായിലുള്ള സാധ്യതകളേറെയാണ് ബാധിക്കുന്നത്. അദ്ദേഹം വിശ്വസ്തരായി കൊണ്ട് നടക്കുന്ന നഗരസഭ അംഗങ്ങളും, പാർട്ടി ഭാരവാഹികളും ആണ് ഇത്തരം മുന്നണി വിരുദ്ധ നീക്കങ്ങൾക്ക് ചരട് വലിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇടതുമുന്നണി ക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. വിവിധങ്ങളായ ജനകീയ വിഷയങ്ങളിലുള്ള ഇവരുടെ നിഷേധാത്മക നിലപാടിന് പുറമേയാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിക്കെതിരെയും ഇവർ നടത്തുന്ന നീക്കങ്ങൾ.

നീക്കങ്ങൾക്ക് പിന്നിൽ സ്വന്തം പാർട്ടിക്കുള്ളിൽ നഗരസഭാ അധ്യക്ഷ പദവിക്കു വേണ്ടി നടക്കുന്ന വടംവലിയും:

ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ മറ്റൊരു കാര്യം ഉള്ളത് കേരള കോൺഗ്രസിനുള്ളിൽ തന്നെ നടക്കുന്ന അധികാര വടംവലി ആണ്. നഗരസഭ അധ്യക്ഷ പദവിയിലേക്ക് എത്തുവാൻ ആഗ്രഹിക്കുന്ന മൂന്നോളം നേതാക്കൾ കൂടി കേരളകോൺഗ്രസിൽ ഉണ്ട്. നിലവിൽ ചെയർമാനായ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ഒരുവർഷം കൂടിയെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ സ്വാധീനിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക