27 വർഷം പാലാ നഗരസഭ കൗൺസിലർ ആയ വ്യക്തി. അടിയും, തടയും നടത്തി, ചോരയും നീരും ഒഴുക്കി പാലാ നഗരത്തിൽ കേരള കോൺഗ്രസിന് മേൽവിലാസം ഉണ്ടാക്കിയവരിൽ പ്രധാനി. പാരമ്പര്യത്തിന്റെ പരിഗണനകൾക്കു മുമ്പിൽ പലവട്ടം അവസരം നിഷേധിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട നേതാവ്… ഷാജു വി തുരുത്തൻ പാലാ നഗരസഭയുടെ അധ്യക്ഷ പദവിയിൽ എത്തുമ്പോൾ കേരള കോൺഗ്രസ് പ്രവർത്തകരുടെ വികാരങ്ങൾ ഇങ്ങനെയൊക്കെയാണ്.

തങ്ങളുടെ പ്രിയ നേതാവിന് വളരെ മുമ്പേ കിട്ടേണ്ട അംഗീകാരമായിരുന്നു ഇതെന്നും, കേവലം ഒരു വർഷം മാത്രം പദവി നൽകുന്നത് അദ്ദേഹത്തോടുള്ള നീതികേടാണെന്നുമെല്ലാം അവർ വ്യക്തമാക്കുമ്പോഴും തുരുത്തന്റെ സ്ഥാന ലബ്ദി അവർ ആഘോഷിക്കുകയാണ്. നഗരം നിറച്ച് ആശംസാ ബോർഡുകൾ സ്ഥാപിച്ച് ഷാജു തുരുത്തന് കേരള കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിക്കുമ്പോൾ ഒരു കാര്യം പറയാതെ വയ്യ. ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും പാലാ നഗരത്തിൽ ഇത്രയധികം ആവേശം കേരള കോൺഗ്രസ് അണികളിൽ ഉണ്ടായിരുന്നില്ല. അർഹതപ്പെട്ടവന് അംഗീകാരം ലഭിക്കുമ്പോൾ അത് സ്വന്തം നേട്ടം പോലെയാണ് എല്ലാ പാർട്ടികളുടെ അണികളും ആഘോഷിക്കുക. കേരള കോൺഗ്രസുകാരും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല എന്ന് പാലായിലെ ആഘോഷങ്ങളും ആവേശവും തെളിയിക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ അപ്പോഴും അവശേഷിക്കുന്ന ചോദ്യം ഇതാണ്, കേവലം 12 മാസം കഴിയുമ്പോൾ ഷാജു തുരുത്തൻ പടി ഇറങ്ങേണ്ടി വരുമോ അതോ അവസാന ടേമും തുരുത്തനെ തന്നെ തുടരാൻ ജോസ് കെ മാണി അനുവദിക്കുമോ എന്നതാണ്. ഭൂരിപക്ഷ കണക്കുകൾ കേരള കോൺഗ്രസിന് അനുകൂലമാണ്, പാർട്ടി ചെയർമാൻ ഒരു തീരുമാനമെടുത്താൽ ആർക്കെങ്കിലും അതൃപ്ത്തി ഉണ്ടായെങ്കിൽ പോലും ഭരണം മാറ്റമോ അട്ടിമറിയോ ഒന്നുമുണ്ടാവാനില്ല. പക്ഷേ അത്തരം ഒരു തീരുമാനം എടുക്കാൻ ജോസ് കെ മാണി തയ്യാറാകുമോ?

ഈ ചോദ്യത്തിനുള്ള ഉത്തരം ഒളിഞ്ഞു കിടക്കുന്നത് കേരള കോൺഗ്രസിലെ അധികാര സമവാക്യങ്ങളിലാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിൽ ജോസ് കെ മാണിയേക്കാൾ ശക്തനായ നേതാവ് ഇന്ന് റോഷി ആഗസ്റ്റിനാണ്. കെഎം മാണി കഴിഞ്ഞാൽ തന്റെ രാഷ്ട്രീയ ഗുരുവായി റോഷി അംഗീകരിക്കുന്ന വ്യക്തിയാണ് തുരുത്തൻ. അതുകൊണ്ടുതന്നെ തുരുത്തന്റെ അനുഭാവം എപ്പോഴും റോഷി പക്ഷത്തേക്കാവും. കേരള കോൺഗ്രസുകളുടെ പിളർപ്പിന്റെ ചരിത്രം കൂടി ചേർത്ത് വായിക്കുമ്പോൾ ഷാജു തുരുത്തൻ ജോസ് കെ മാണിക്ക് പ്രിയങ്കരനാവാൻ യാതൊരു തരവുമില്ല.

പാലാ നഗരസഭയിലെ അധികാര വീതംവെപ്പ് തന്നെ ഉന്നതമായ നഗരസഭാ അധ്യക്ഷ പദവിയിൽ ആർക്കും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ ഉതകുന്ന തരത്തിൽ അല്ല. ഇത്തവണ അഞ്ചുവർഷത്തിനിടയിൽ നാലു പേരാണ് അധ്യക്ഷപദവിയിലേക്ക് വീതംവെപ്പിലൂടെ എത്തേണ്ടത്. ഉപാധ്യക്ഷ പദവിയിൽ മൂന്നുപേരും. തലമുറകളായി കരിങ്ങോഴയ്ക്കൽ കുടുംബത്തിന്റെ വിശ്വസ്തരായ പടിഞ്ഞാറേക്കര കുടുംബത്തിൽ നിന്നാണ് ഇത്തവണയും ആദ്യ രണ്ടു വർഷം ചെയർമാൻ പദവി ഉണ്ടായത്. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടർന്ന് ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയർമാനായി. അപ്പോൾ തന്നെ തുരുത്തനാണ് പദവിയിൽ എത്തേണ്ടതെന്ന് അണികൾക്കിടയിൽ വ്യാപക വികാരമുണ്ടായിരുന്നു.

ജനാധിപത്യത്തിന് ഉപരിയായി കുടുംബാധിപത്യം വിളയാടുന്ന കേരള കോൺഗ്രസിൽ തുരുത്തന്റെ ജനസമ്മിതി സ്വന്തം നിലനിൽപ്പിന് ഗുണമാകുമോ ദോഷം ആകുമോ എന്ന് കണ്ടറിയേണ്ടതാണ്. ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പ് കാലത്ത് അധ്യക്ഷ പദവിയിലിരുന്നു കൊണ്ട് പാർട്ടിയെ ചലിപ്പിക്കുക കൂടി ചെയ്താൽ തുരുത്തൻ പാർട്ടിയുടെ നഗരസഭ നേതൃത്വത്തിലെ അനിഷേധ്യ ഘടകമായി മാറും. പക്ഷേ അങ്ങനെ ചലിപ്പിച്ച പലർക്കും പിന്നീട് സ്ഥാന ചലനം ഉണ്ടായതാണ് പാലായുടെയും കേരള കോൺഗ്രസിന്റെയും ചരിത്രം. കെഎം മാണിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനും, മികച്ച സംഘാടകനും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ പാലാകണ്ട ഏറ്റവും മികച്ച ചെയർമാൻ ഒക്കെയായിരുന്ന കുര്യാക്കോസ് പടവന് കെഎം മാണിയുടെ കാലശേഷം മകൻ അധികാരത്തിൽ എത്തിയപ്പോൾ തന്റെ യോഗ്യതകൾ എല്ലാം അയോഗ്യതകൾ ആയി മാറുകയായിരുന്നു. മാണിയുടെ വിശ്വസ്തൻ മകന്റെ കാലത്ത് പാർട്ടിക്ക് അനഭിമതനായി. തുരുത്തന്റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം.

പാലാ നഗരസഭ അധ്യക്ഷ പദവിയിൽ എത്തുന്ന മൂന്നാമത്തെ ദമ്പതിമാർ

പാലാ നഗരസഭയുടെ ചരിത്രത്തിൽ ഭാര്യയും ഭർത്താവും അധ്യക്ഷപദവി വഹിച്ചു എന്ന മേന്മ മൂന്ന് ജോഡികൾക്കുണ്ട്. ദീർഘകാലം നഗരസഭാ അധ്യക്ഷനായിരുന്ന ജോസ് തോമസ് പടിഞ്ഞാറേക്കരയും, ഭാര്യ പൊന്നമ്മ ജോസും ആണ് ആദ്യമായി ഈ അംഗീകാരത്തിന് അർഹരായത്. ഇവരുടെ മകൻ ആന്റോയും ഈ ഭരണസമിതിയുടെ കാലത്ത് ആദ്യ രണ്ടു വർഷം ചെയർമാൻ പദവി അലങ്കരിച്ചു. പിന്നീട് ഇത്തരത്തിൽ നേട്ടം കൈവരിച്ചത് കെഎം മാണിയുടെ സഹോദരി പുത്രൻ എ സി ജോസും അദ്ദേഹത്തിൻറെ പത്നി മേഴ്സിയുമാണ്. മൂന്നാമത് ഇപ്പോൾ ഷാജു തുരുത്തനും ഭാര്യ ബെറ്റി ഷാജുവും ആണ് ഈ അംഗീകാരത്തിന് അർഹരായ ദമ്പതിമാർ.

ഇതിൽ തന്നെ ഷാജുവിന്റെയും ബെറ്റിയുടെയും കാര്യം പരിഗണിച്ചാൽ ഭാര്യ അധ്യക്ഷപദവിയിൽ എത്തിയതിനു ശേഷം അധ്യക്ഷപദവിയിൽ എത്തുന്ന ഭർത്താവ് ഷാജു തുരുത്തൻ മാത്രമാണ്. മറ്റു രണ്ടു ജോഡികളുടെയും കാര്യത്തിൽ ഭർത്താക്കന്മാരാണ് ആദ്യം അധ്യക്ഷ പദവിയിൽ എത്തിയത്. ഇവിടെ ഷാജു തുരുത്തന് സ്ഥാനം ലഭിക്കാൻ വൈകിയത് പാർട്ടിയുടെ പരിഗണന മാനദണ്ഡങ്ങളിൽ പ്രവർത്തന മികവ് പാരമ്പര്യത്തിന് പിന്നിലായി പോയതിനാലാണ്. ആദ്യ രണ്ട് ജോഡികളുടെയും കാര്യത്തിൽ ഭാര്യമാർ അധ്യക്ഷ പദവിയിൽ എത്തിയത് ഭർത്താവിന്റെ മേൽവിലാസം കൊണ്ടാണെങ്കിൽ ബെറ്റിയും ഷാജുവും പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ എത്തിയത് സ്വന്തം നിലയിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടാണ് എന്ന കാര്യം വിസ്മരിക്കാൻ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക