പാലാ നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന അംഗനവാടി തികച്ചും ദയനീയവും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ അന്തരീക്ഷത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിന് പരിഹാരം കാണാനായി 2019ൽ നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ ഒരു മുറിയിലേക്ക് അംഗനവാടിയുടെ പ്രവർത്തനം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാൽ കേരള കോൺഗ്രസ് പാർട്ടിയിലെ ചില ഉൾപാർട്ടി പോരാട്ടങ്ങൾ മൂലം ഈ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞില്ല.

പിന്നീട് ജോസ് കെ മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങളായി കേരള കോൺഗ്രസ് പിളരുകയും നിലവിലെ പന്ത്രണ്ടാം വാർഡ് കൗൺസിലർ ജോസ് ഇടേട്ട് പി ജെ ജോസഫ് പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി യുഡിഎഫ് ബാനറിൽ നഗരസഭയിലേക്ക് വിജയിക്കുകയും ചെയ്തു. ഇദ്ദേഹത്തെ മറുകണ്ടം ചാടിക്കാനായി നിരവധി പ്രലോഭനങ്ങളാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നോട്ടുവച്ചത്. എന്നാൽ രാഷ്ട്രീയ നെറികേട് കാണിക്കാൻ തയ്യാറാകാതെ കൗൺസിലർ ജോസ് ഇടേട്ട് യുഡിഎഫിനും പാർട്ടിക്കും ഒപ്പം നിലകൊണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ പ്രതികാരത്തിന് കുരുന്നുകളെ കരുവാക്കുന്നു:

അംഗൻവാടി വിഷയം അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ നഗരസഭാ ചെയർപേഴ്സൺ അധികാരം ഏറ്റപ്പോൾ കത്ത് നൽകുകയും ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ കൗൺസിൽ യോഗം ഇന്ന് ( 28/01/2023) ചേരാൻ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ കേവലമായ രാഷ്ട്രീയ പ്രതികാരം തീർക്കുവാൻ കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണി നേരിട്ട് ഇടപെടുകയും സ്പെഷ്യൽ കൗൺസിൽ മാറ്റിവെക്കുകയും ചെയ്തു.

രാഷ്ട്രീയ വഞ്ചന കാണിച്ച് കൂറുമാറ്റം നടത്താൻ തയ്യാറാകാതിരുന്ന കൗൺസിലറോടുള്ള വിരോധം തീർക്കുവാൻ അംഗൻവാടിയിലെ കുട്ടികളെ ബലിയാടാക്കുന്ന നിലപാടിനെതിരെ കടുത്ത വിദ്വേഷമാണ് ഭരണമുന്നണിയിൽ തന്നെ ഉയർന്നിരിക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന കേരള കോൺഗ്രസ് നിലപാടുകൾക്കെതിരെ സിപിഎമ്മിലും സിപിഐയിലും അതൃപ്തി ശക്തമാവുകയാണ്. ജനകീയ വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും കേരള കോൺഗ്രസിനെതിരെ ഒന്നിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നു.

ജോസ് കെ മാണിക്ക് സദ്ബുദ്ധി തോന്നാൻ കെഎം മാണിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ കൗൺസിലറുടെ ഉപവാസം

രാഷ്ട്രീയ പ്രതികാരം തീർക്കുവാൻ പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത ജോസ് കെ മാണിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും സത്ബുദ്ധി തോന്നാൻ കെഎം മാണിയുടെ പ്രതിമയ്ക്ക് മുന്നിൽ ഉപവാസം പ്രഖ്യാപിച്ചിരിക്കുകയാണ് ജോസഫ് ഗ്രൂപ്പ് നേതാവും കൗൺസിലറുമായ ജോസ് ഇടേട്ട്. 31 ആം തീയതിയാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്. കൗൺസിലർ തനിക്ക് അനുകൂലമായി കാലു മാറിയാൽ മാത്രമേ പിഞ്ചുകുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ അംഗൻവാടി അനുവദിക്കൂ എന്ന നിലപാട് രാഷ്ട്രീയ പാപ്പരത്വവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ആണെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടി

representative image

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക