മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ പാലാ നഗരസഭ അധ്യക്ഷസ്ഥാനം സിപിഎമ്മിന് ഒരു വർഷത്തേക്ക് വിട്ടു കൊടുത്തതിന് പിന്നാലെ കേരള കോൺഗ്രസ് നേതൃത്വവും, സിപിഎം നേതൃത്വവും തമ്മിൽ ഭിന്നത രൂക്ഷമാകുന്ന കാഴ്ചയാണ് പാലാ രാഷ്ട്രീയത്തിൽ കാണുന്നത്. പതിറ്റാണ്ടുകളായി തങ്ങൾ കൈവശം വെച്ചിരുന്ന അധികാര കസേര സിപിഎമ്മുമായി പങ്കിടേണ്ടി വന്നതിൽ തീർത്തും നിരാശരാണ് കേരള കോൺഗ്രസ്. അതുകൊണ്ടുതന്നെ ചെയർപേഴ്സണുമായി നിസ്സഹകരണ നിലപാടിലാണ് നഗരസഭയിൽ അവർ മുന്നോട്ടുപോകുന്നത്.

എന്നാൽ സമവായത്തിനു മുതിരാതെ അതെ നാണയത്തിൽ തിരിച്ചടി നൽകിയാണ് സിപിഎമ്മും മുന്നേറുന്നത്. കേരള കോൺഗ്രസ് തങ്ങളുടെ ചെയർപേഴ്സനെതിരെ നടത്തുന്ന ഓരോ നീക്കങ്ങൾക്കും പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് നേരെയാണ് സിപിഎം നേതൃത്വം രൂക്ഷ വിമർശനം ഉയർത്തുന്നത്. അധികാര പങ്കിടൽ സമയത്ത് കേരള കോൺഗ്രസ് സമ്മർദ്ദം മൂലം സിപിഎം മാറ്റിനിർത്തിയ അവരുടെ പാർലമെൻററി പാർട്ടി ലീഡർ തന്നെയാണ് പലപ്പോഴും ആക്രമണങ്ങൾക്ക് നേതൃത്വം നല്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരസഭയിലെ കേരള കോൺഗ്രസ് പ്രതിനിധിയുടെ വാർഡിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സിപിഎം കൗൺസിലറുടെ വാർഡിലേക്ക് മാറ്റണമെന്ന് ആവശ്യം കൗൺസിൽ യോഗത്തിൽ ഉയർന്നു വരികയും ഈ അജണ്ട വോട്ടിനിട്ടപ്പോൾ പ്രതിപക്ഷമായ യുഡിഎഫ് പിന്തുണയോടു കൂടി കേരള കോൺഗ്രസ് നീക്കത്തെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തുകയും ചെയ്ത സിപിഎം തന്ത്രം ജോസ് കെ മാണിക്കുൾപ്പടെ വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഏതുവിധേനയും സിപിഎം പ്രതിനിധിയെ പുറത്താക്കി പക വീട്ടാനാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തരം ഒരു നീക്കത്തിന് സഹായിച്ചാൽ കോൺഗ്രസിന് മിച്ചമുള്ള രണ്ടര വർഷക്കാലം ചെയർമാൻ പദവി വാഗ്ദാനം ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.

പ്രതിപക്ഷമായ യുഡിഎഫിന് ഒൻപത് അംഗങ്ങൾ ഉണ്ടെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും, സ്വതന്ത്ര കൗൺസിലറും തങ്ങൾക്ക് അനുകൂലമായി നിലപാട് എടുക്കാൻ സാധ്യതയില്ലെന്ന് കേരള കോൺഗ്രസ് കണക്കുകൂട്ടുന്നു. അപ്പോഴും 5 അംഗങ്ങളുള്ള കോൺഗ്രസ് പിന്തുണ ഉറപ്പാക്കി അവർക്ക് നഗരസഭ അധ്യക്ഷ പദവി വാഗ്ദാനം ചെയ്ത് സിപിഎമ്മിന് തിരിച്ചടി നൽകുക എന്നതാണ് കേരള കോൺഗ്രസ് ലക്ഷ്യം. ജോസ് കെ മാണി വിരുദ്ധപക്ഷത്തുള്ള കോൺഗ്രസ് പ്രാദേശിക നേതൃത്വം നീക്കത്തെ എതിർക്കാനുള്ള സാധ്യതയുള്ളതിനാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് നീ പോക്ക് നടത്തുമെന്ന പ്രചരണമാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസ് വിഭാഗം കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.

26 അംഗ പാലാ നഗരസഭയിൽ 10 പ്രതിനിധികളാണ് കേരള കോൺഗ്രസിനുള്ളത്. എന്നാൽ മിച്ചമുള്ള കാലാവധിയിൽ ചെയർമാൻ സ്ഥാനം ആഗ്രഹിക്കുന്ന രണ്ട് കേരള കോൺഗ്രസ് കൗൺസിലർമാർ ഇത്തരത്തിലുള്ള നീക്കത്തിനെതിരെ പാർട്ടിയുമായി ഇടയാനുള്ള സാധ്യതയും നിലനിൽക്കുന്നു. വരും ദിവസങ്ങളിൽ ഇത്തരം നീക്കങ്ങൾ പാലാ രാഷ്ട്രീയത്തെ സംസ്ഥാനത്ത് ഉടനീളം ശ്രദ്ധ കേന്ദ്രമാക്കും.

മുൻപ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതും പിന്നീട് ഇടതുമുന്നണിയിൽ ചേക്കേറിയതും. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കുന്ന നേരത്ത് കോട്ടയത്ത് കേരള കോൺഗ്രസ് പ്രതിനിധി മത്സരിക്കേണ്ട സാഹചര്യമുള്ളപ്പോൾ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് ഒരു പ്രാദേശിക വിഷയം എന്നതിനപ്പുറം വലിയ രാഷ്ട്രീയ മാനങ്ങളും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക