പ്രവർത്തന സജ്ജമാക്കുന്നതിന് മുമ്പ് തന്നെ ഉദ്ഘാടനം പൂർത്തിയാക്കുന്ന പദ്ധതികളാണ് കേരളത്തിന്റെ വികസന മുരടിപ്പിന് കാരണം. പലപ്പോഴും പദ്ധതികൾ പ്രവർത്തനസജ്ജമാക്കുക എന്നതിലുപരിയായി ഉദ്ഘാടനം നടത്തുന്നതിൽ മാത്രമാണ് ഭരണാധികാരികൾക്ക് താല്പര്യം. അതുകൊണ്ടുതന്നെ പല പദ്ധതികളും കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനം ഇല്ലാത്ത വെള്ളാനകൾ ആയി മാറുന്നു.

ഇതിന് പാലായിലെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ക്രിമറ്റോറിയം ആണ്. ഉദ്ഘാടനം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും ശവസംസ്കാരം നടത്താനുള്ള സംവിധാനം മാത്രം ശ്മശാനത്തിൽ ഇല്ല. ഉദ്ഘാടനം നടത്തിയത് കേരള കോൺഗ്രസ് ചെയർമാനും രാജ്യസഭ എംപിയുമായ ജോസ് കെ മാണിയും പ്രധാന സംഘാടകനും അധ്യക്ഷനും ആയത് അന്നത്തെ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈദ്യുതി കണക്ഷൻ പോലും ലഭ്യമല്ല

ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനസജ്ജം ആകണമെങ്കിൽ അടിസ്ഥാനമായി വേണ്ട ഒരു സൗകര്യമാണ് ത്രീ ഫേസ് വൈദ്യുതി കണക്ഷൻ. ഇത് ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് വികസന പ്രഖ്യാപനവുമായി ഈ ക്രിമറ്റോറിയം മാസങ്ങൾക്കു മുമ്പ് തന്നെ ഉദ്ഘാടനം ചെയ്തത്.

അടിയന്തര നടപടികൾ സ്വീകരിക്കാത്തത് വേദനാജനകം; ഭരണസമിതിയുടെ കെടുകാര്യസ്ഥത: വി സി പ്രിൻസ് (നഗരസഭ കൗൺസിലർ)

മതിയായ കൂടിയാലോചനകളും മുന്നൊരുക്കങ്ങളോ ഇല്ലാതെ ഉദ്ഘാടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ് ശ്മശാനം ഇന്നും പ്രവർത്തന സജ്ജം ആകാത്തതെന്ന് നഗരസഭ കൗൺസിലർ വി സി പ്രിൻസ് പ്രതികരിച്ചു. ജനങ്ങളുടെ ദീർഘകാലമായ ഒരു ആവശ്യത്തിന് വേണ്ടി ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്ന് ചിലവാക്കിയിട്ട് പോലും ഉപയോഗശൂന്യമായി തുടരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വനിത അധ്യക്ഷയ്ക്ക് ആർജ്ജവം ഉണ്ടാകുമോ?

പാലായിലെ ജനങ്ങൾ ഇപ്പോൾ ഉറ്റു നോക്കുന്നത് മുൻ നഗരസഭ അധ്യക്ഷനും ഭരണസമിതിക്കും സാധിക്കാത്തത് ജനറൽ ക്വാട്ടയിൽ അധ്യക്ഷയായ വനിതാ പ്രതിനിധിക്ക് സാധിക്കുമോ എന്നാണ്. ചടുലമായ വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് അവകാശപ്പെടുമ്പോഴും കാതലായ ഇത്തരം പ്രശ്നങ്ങളെ ആർജ്ജവത്തോടെ കൂടി സമീപിച്ച് പരിഹാരം കാണുവാൻ സാധിക്കുമ്പോഴാണ് ഒരു ഭരണാധികാരി മികവ് തെളിയിക്കുന്നത്. ഈ ആർജ്ജവം അപ്രതീക്ഷിതമായി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ ജോസിൻ ബിനോയ്ക്ക് ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക