പാലാ നഗരസഭയുടെ പ്രധാന ഉത്തരവാദിത്വം എന്താണ് എന്ന് ചോദിച്ചാൽ ഒരുപക്ഷേ അത് കെഎം മാണിക്ക് സ്മാരകങ്ങൾ നിർമ്മിക്കുകയാണ് എന്ന് നാം തെറ്റിദ്ധരിക്കും. ലക്ഷക്കണക്കിന് രൂപയാണ് കെഎം മാണിയുടെ സ്മാരകങ്ങൾക്കായി നഗരസഭ ഈ വർഷം തന്നെ ചെലവഴിച്ചത്. നഗരസഭ ഉടമസ്ഥതയിലുള്ള ജനറൽ ആശുപത്രിയുടെ മുന്നിലും മുകളിലും എല്ലാം കെഎം മാണിയുടെ പേരെഴുതിയ എൽഇഡി ലൈറ്റ് ബോർഡ് സ്ഥാപിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. അതിനു മുന്നേ സ്റ്റേഡിയം കവാടത്തിൽ കെഎം മാണിയുടെ പേര് എഴുതിയ സ്വാഗത ബോർഡ്. അങ്ങനെ എഴുതിയാൽ ഒരു പുറത്തിൽ കൊള്ളാത്തത്ര ബോർഡുകളാണ് പാലാ നഗരസഭയിൽ കെഎം മാണിക്ക് വേണ്ടി പൊതു ഖജനാവിലെ പണം ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ളത്.

ഇപ്പോൾ ഇതാ പുലിയന്നൂർ ജംഗ്ഷനിൽ കെഎം മാണി ബൈപ്പാസ് റോഡിലേക്ക് ആളുകളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു കൂറ്റൻ സ്വാഗത ബോർഡ് ആണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് സ്ട്രക്ചർ പണിത് അതിൽ ലോഹത്തിൽ ഉണ്ടാക്കിയ കൂറ്റൻ അക്ഷരങ്ങൾ പതിപ്പിച്ചാണ് സ്വാഗത ബോർഡ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേമ പദ്ധതികൾ അടക്കം മുടങ്ങിക്കിടക്കുമ്പോഴാണ് കെഎം മാണിയുടെ പേരിൽ ഇത്തരം ധൂർത്ത് എന്നതാണ് വിരോധാഭാസം. എന്നും ജനക്ഷേമത്തിൽ ഊന്നി പ്രവർത്തിച്ചിരുന്ന കെഎം മാണിയെന്ന നേതാവിനോടുള്ള സ്വന്തം അണികളുടെ അവഹേളനമാണ് ഇത്തരം പ്രവർത്തികൾ എന്ന് പറയാതെ വയ്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരസഭയിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്ഏറെ വൈകിയാണ്. സർവീസിൽ നിന്ന് പെൻഷൻ ലഭിക്കുന്നവരുടെ പെൻഷനും ആനുകൂല്യങ്ങളും കുടിശ്ശികയാണ്. നഗരസഭയിൽ കാന്റീൻ നടത്തിയ കുടുംബശ്രീ അംഗങ്ങൾക്ക് പണം കൊടുക്കാതെ കാന്റീൻ പൂട്ടി. നഗരസഭയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടപ്പാക്കിയ കരാറുകാർക്ക് കൊടുക്കാനുള്ളത് ലക്ഷക്കണക്കിന് രൂപയുടെ കുടിശികയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ തിരികെ ഏൽപ്പിച്ച വാടകക്കാർക്ക് ഒരു കോടിയിലധികം രൂപ ഡെപ്പോസിറ്റ് തിരികെ കൊടുക്കാമെന്നുള്ള നഗര ഭരണകൂടത്തിന്റെ വാഗ്ദാനവും വെറും പാഴ് വാക്കായി. നാലു കോടി രൂപയോളം വാട്ടർ അതോറിറ്റിക്ക് കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നഗരസഭയിലെ ചില പ്രധാന ജലവിതരണ സംവിധാനങ്ങൾ ഏത് നിമിഷവും നിലയ്ക്കാമെന്ന ഭീഷണിയും നിലനിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക