ഇന്നലെ നഗരസഭ അധ്യക്ഷയും സിപിഎം പ്രതിനിധിയുമായ ജോസിൻ ബിനോയുടെ ചെയർപേഴ്സൺ എന്ന നിലയ്ക്കുള്ള അവസാന കൗൺസിൽ യോഗമായിരുന്നു. മുന്നണി ധാരണയെ അനുസരിച്ച് ഒരു വർഷത്തെ കാലാവധിയാണ് സിപിഎം അംഗത്തിന് കേരള കോൺഗ്രസ് വിട്ടു നൽകിയിരുന്നത്. അത് പൂർത്തിയാകുന്നതിനു മുന്നേ ഉള്ള അവസാന കൗൺസിൽ യോഗമാണ് ഇന്നലെ നടന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്ത് ഒരു സിപിഎം പ്രതിനിധി എത്തുന്നത്.

എന്നാൽ ഈ പ്രത്യേകതകൾ ഒന്നുമല്ല ഇന്നലത്തെ കൗൺസിൽ യോഗത്തെ മാധ്യമശ്രദ്ധയിൽ കൊണ്ടുവന്നതിന് പ്രധാന കാരണം. കൗൺസിൽ യോഗം അവസാനിക്കുന്നതിനു മുന്നേ ചെയർപേഴ്സൺ ഭരണപക്ഷ കൗൺസിലറും കേരള കോൺഗ്രസ് മാണി വിഭാഗം നേതാവുമായ ജോസ് ചീരാംകുഴി ഒരു കത്ത് കൈമാറുകയും ചെയർപേഴ്സൺ അത് കൗൺസിൽ യോഗത്തിൽ വായിക്കുകയും ചെയ്തു. ഈ കത്തിന്റെ ഉള്ളടക്കം അനുസരിച്ച് ജോസ് ചീരാൻകുഴിയുടെ മുപ്പതിനായിരം രൂപ വില വരുന്ന ആപ്പിൾ എയർപോഡ് നഷ്ടപ്പെട്ടു എന്നും, അത് കൗൺസിലർമാരിൽ ഒരാൾ കൈക്കലാക്കിയതാണ് എന്നും വ്യക്തമാകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ഫോണുമായി ഈ ഉപകരണം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഇത് എവിടെ ഉപയോഗിച്ചാലും അതിന്റെ ലൊക്കേഷൻ തനിക്ക് ലഭ്യമാകും എന്നും ജോസ് അവകാശപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഈ ഉപകരണം ഉപയോഗിച്ച് ആളുടെ മുഴുവൻ വിവരങ്ങളും തന്റെ പക്കൽ ഉണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. പരാതി നൽകാൻ ആഗ്രഹമില്ല എന്നും രണ്ടാഴ്ചയ്ക്കുള്ളിൽ അത് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ തെളിവുസഹിതം പോലീസിൽ പരാതി നൽകി മുന്നോട്ടുപോകുമെന്നും ഇയാൾ വ്യക്തമാക്കുന്നു.

എന്നാൽ ഈ ഉപകരണം നഷ്ടപ്പെട്ടത് ഒക്ടോബർ മാസത്തിലാണ്. നാലുമാസം കഴിഞ്ഞ് ഇതിനെക്കുറിച്ച് ഒരു ആരോപണം ഉന്നയിക്കുന്നതിന് ഇയാളെ പ്രേരിപ്പിച്ച ചേതോവികാരം വ്യക്തമല്ല. ഉപയോഗിക്കുന്ന ആളുടെ വിശദാംശങ്ങൾ കയ്യിൽ ഉണ്ടായിട്ടും പരാതിപ്പെടാത്തതിനാൽ തന്നെ ഭരണപക്ഷ നിരയിലെ ആരോ തന്നെയാണ് ഇതിന് പിന്നിൽ എന്നും സംശയമുയരുന്നുണ്ട്. ഇതുകൂടാതെ ഭരണപക്ഷ കൗൺസിലർമാർ എല്ലാവരും ഒരുമിച്ചാണ് ഇരിക്കുന്നത്. പ്രതിപക്ഷം മറുവശത്തുമാണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ജോസ് ഉയർത്തിയ ആരോപണം ഡയസിൽ ഇരിക്കുന്ന ചെയർപേഴ്സനെയും ജോസിനെയും ഒഴിച്ചുള്ള 15 ഭരണകക്ഷി കൗൺസിലർമാരെയും സംശയ നിഴലിൽ കൊണ്ടുവരുന്നു.

ഭരണത്തിലെത്തി മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കുന്ന പാലാ നഗരസഭ എപ്പോഴും വിവാദങ്ങളുടെ വിളനിലമാണ്. ഇതിന് മിക്കപ്പോഴും കാരണമാകുന്നത് ഭരണകക്ഷിയിലെ സിപിഎം കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള ഭിന്നതയാണ്. കൗൺസിൽ ഹാളിനുള്ളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നോക്കി നിൽക്കുമ്പോൾ കേരള കോൺഗ്രസിലെയും സിപിഎമ്മിലെയും അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയത് വലിയ വാർത്തയാവുകയും ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പിൽ സമയത്ത് വലിയ വാർത്തയായിരുന്നു.

പിന്നീട് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഎം പ്രതിനിധിയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും സംസ്ഥാനതലത്തിൽ വാർത്തയായ സംഭവമാണ്. ഇതുകൂടാതെ ഭരണപക്ഷത്തെ ഒരു വിഭാഗം കൗൺസിലർമാരും കേരള കോൺഗ്രസ് പാർട്ടിയുടെ ചില പ്രാദേശിക നേതാക്കളും ചേർന്ന് ടൂർ പോയപ്പോൾ പണം വെച്ച് പകിട കളിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ ഭരണപക്ഷത്തെ സംശയ നിഴലിൽ ആക്കുന്ന മോഷണ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക