“ശുഷ്കാന്തിയുണ്ട് സൂക്ഷ്മത ഇല്ല”: സ്വന്തം നേതാവിന്റെ പേര് പോലും അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ അറിയാത്ത പാലായിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാർ; കെഎം മാണി സ്മാരക ഹോസ്പിറ്റൽ എന്ന ബോർഡിൽ മാണിയുടെ പേര് ഉൾപ്പെടെ മൂന്ന് അക്ഷര തെറ്റുകൾ: മലയാളം അറിയാത്ത മാണിക്കാർ ഭരിക്കുന്ന പാലാ നഗരസഭയിലെ പുതിയ കെട്ടുകാഴ്ച ഇങ്ങനെ.
കെഎം മാണി സ്മാരകങ്ങൾ തട്ടിയിട്ട് നടക്കാൻ കഴിയാത്ത സ്ഥിതിയാണ് പാലാ നഗരസഭയിൽ. മാണിയുടെ മകനും പാർട്ടി ലീഡറുമായ ജോസ് കെ മാണിയെ പ്രീണിപ്പിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക് ഭരണമുള്ള കേരളത്തിലെ ഏക നഗരസഭയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അമിതാവേശമാണ് കാണുന്നത്. എന്തെങ്കിലും നിർവാഹം ഉണ്ടെങ്കിൽ പാലാ എന്ന സ്ഥലപ്പേര് തന്നെ മാറ്റി കെഎം മാണി എന്ന് ആക്കി കളയും എന്ന മട്ടിലാണ് പോക്ക്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമിതാവേശവും ശുഷ്കാന്തിയും ഉണ്ടെങ്കിലും സൂക്ഷ്മത ഇല്ല എന്നതാണ് സ്ഥിതി. കെഎം മാണിയുടെ പേരിട്ട പാലാ ജനറൽ ആശുപത്രിയുടെ സൂചന ബോർഡ് ഇപ്പോൾ ചർച്ചാവിഷയമാകുകയാണ്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വൻ തുക മുടക്കി നിരവധി സൂചന ബോർഡുകളാണ് ഉയർത്തിയിരിക്കുന്നത്. ആശുപത്രിയുടെ പേരിനേക്കാൾ മുഴുപ്പിൽ കെഎം മാണിയുടെ പേരാണ് എഴുതിയിരിക്കുന്നത്. പക്ഷേ പ്രശ്നം അതല്ല കെഎം മാണിയുടെ പേര് തന്നെ തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്.
മുന്നേ മൂന്ന് വാചകങ്ങൾ ഉള്ള ബോർഡിൽ മൂന്ന് ഗുരുതരമായ അക്ഷരപ്പിഴവുകളാണ് ഉള്ളത്. കെഎം മാണിയുടെ പേര് ക എം മാണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാരക എന്നതിന് പകരം സമാരക എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഗവൺമെന്റ് എന്നതിന് പകരം ഗവൺമെന്റ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ജനക്ഷേമം ലക്ഷ്യമാക്കി അര നൂറ്റാണ്ടിലധികം എംഎൽഎയായി പ്രവർത്തിച്ച 25 വർഷത്തോളം മന്ത്രിയായിരുന്ന നേതാവിനെ അണികൾ ആദരിക്കുന്നത് പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി ഒരു കാര്യവുമില്ലാതെ ബോർഡുകൾ സ്ഥാപിച്ചാണ്. കഴിഞ്ഞയാഴ്ച പുലിയന്നൂരിൽ നഗരസഭ പ്രവേശന കവാടത്തിൽ വഴിയോരത്ത് കോൺക്രീറ്റിൽ നിർമ്മിച്ച വലിയ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. കോൺക്രീറ്റ് നിർമ്മാണത്തിൽ സ്റ്റീൽ അക്ഷരങ്ങൾ പതിപ്പിച്ചാണ് കെഎം മാണിയുടെ പേര് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ നഗരസഭയുടെ മുക്കിലും മൂലയിലും കെഎം മാണി സ്മാരക ജനറൽ ആശുപത്രി ദിശ സൂചക ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും അംഗങ്ങളുടെ സിറ്റിങ് ഫീസും അടക്കം കുടിശ്ശിക വരുത്തിയിരിക്കുകയാണ്. ഇതുകൂടാതെ വികസന പ്രവർത്തനങ്ങളും മാലിന്യനിർമാർജനവും താറുമാറാണ്. കൂടാതെ നിരന്തരം വിവാദങ്ങളിൽ ഉൾപ്പെടുന്ന ഭരണകക്ഷി അംഗങ്ങളും സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മോശപ്പെട്ട ഭരണകൂടം എന്ന പേര് പാലാ നഗരസഭയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. നാണക്കേടിന്റെ പട്ടികയിലെ പുതിയ പൊൻ തൂവലായി മാറുകയാണ് ദിശ സൂചന ബോർഡുകളിലെ അക്ഷരപ്പിശകുകൾ.