ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും. ഭരണഘടന പ്രകാരം ഇന്ത്യാ ഗവണ്‍മെന്‍്റില്‍ രാഷ്ട്രപതിക്ക് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്.

രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്സഭയിലെ 543 ലോക്സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ പാര്‍ലമെന്‍്റിന്‍്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷന്‍ എന്ന നിയമനിര്‍മ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തില്‍ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന ഉപരാഷ്ട്രപതിക്ക് നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 63-ാം അനുച്ഛേദം അനുസരിച്ചാണ് ഉപരാഷ്ട്രപതി പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

മിനിമം 35 വയസ്സുള്ള ഇന്ത്യന്‍ പൗരനായിരിക്കണം എന്നതാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രധാന യോഗ്യത. രാജ്യസഭാ അംഗമായിരിക്കാനുള്ള എല്ലാ യോഗ്യതകളും ഉപരാഷ്ട്രപതിക്കും ബാധകമാണ്. കേന്ദ്ര- സംസ്ഥാന സ‍ര്‍ക്കാരുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികള്‍ വഹിക്കുന്ന വ്യക്തിക്ക് ഉപരാഷ്ട്രപതിയാവാന്‍ പറ്റില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക