ജോസ് കെ മാണിയുടെ പാലായിലെ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഭാര്യയും. ഇന്നലെയാണ് ഗോവിന്ദൻ മാസ്റ്റർ ഭാര്യയുമൊത്ത് ജോസ് കെ മാണിയുടെ വീട് സന്ദർശിച്ചത്. സിപിഎം നേതാവിനെയും സഹധർമ്മിണിയേയും സ്വീകരിക്കാൻ ജോസ് കെ മാണിയും ഭാര്യ നിഷ ജോസും സന്നിഹിതരായിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിഷയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തെ പൂർണമായും ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടറി ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ മാത്രമാണ് സംസ്ഥാന സെക്രട്ടറിയെ അനുഗമിച്ചത്. എന്നാൽ ജോസ് കെ മാണി പക്ഷത്തുനിന്ന് ജില്ലാ പ്രസിഡന്റ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പാലാ മണ്ഡലം പ്രസിഡന്റ് പാലാ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എന്നിങ്ങനെ പ്രമുഖ പ്രാദേശിക നേതാക്കൾ എല്ലാവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിലെ സിപിഎം ഏരിയാ സെക്രട്ടറിയോ, ലോക്കൽ സെക്രട്ടറിയോ, പാലായിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗമോ, സിപിഎം പ്രതിനിധിയായ പാലാ നഗരസഭ അധ്യക്ഷയോ, ഉപാധ്യക്ഷയോ, നഗരസഭയിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എന്നിവർ ഉൾപ്പെടെ സിപിഎം പക്ഷത്തുനിന്നുള്ള പ്രധാനികളാരും കൂടിക്കാഴ്ചയിൽ പങ്കാളികളായില്ല എന്നതാണ് ശ്രദ്ധേയം. ഇവർ വിട്ടുനിന്നതാണോ ഇവരെ ഒഴിവാക്കിയതാണോ എന്നും വ്യക്തതയില്ല. പാലായിൽ കേരള കോൺഗ്രസും സിപിഎമ്മും തമ്മിൽ നിലനിൽക്കുന്ന ശീത സമരത്തിന്റെ പ്രതിഫലനമാണ് ഈ അസാന്നിധ്യങ്ങൾ എന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

പാലാ നിയോജകമണ്ഡലം ഉൾപ്പെടുന്ന കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മത്സരിക്കേണ്ടത്. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും കേരള കോൺഗ്രസ് ചെയർമാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ ഒരു വിഭാഗത്തിന്റെ മാത്രം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടതും മറുവിഭാഗം സന്നിഹിതരാകാതിരുന്നതും ഇടതുമുന്നണിക്ക് അത്ര ശുഭകരമായ രാഷ്ട്രീയ സൂചനയല്ല നൽകുന്നത്. മുന്നണി ബന്ധത്തിൽ ഇപ്പോൾ ഉള്ള വിള്ളൽ കൂടുതൽ ആഴത്തിൽ ആക്കുന്നതാവും ഈ കൂടിക്കാഴ്ചയുടെ പ്രാദേശിക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്നത് സ്പഷ്ടമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക