പോലീസിന്റെ കനത്ത സുരക്ഷാ മതിൽ മറികടന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോട്ടയത്ത് കെജിഎംഒഎ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് നാഗമ്പടത്ത് വെച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. രാവിലെ മുതൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ കോട്ടയം നഗരം പോലീസ് വലയത്തിലായിരുന്നു. ഈ സുരക്ഷാ വലയങ്ങൾ ഭേദിച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു കഴിഞ്ഞു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റിലായവരെ കാണാൻ പോലും അനുവദിക്കാതെ തടഞ്ഞിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവരെ റിമാൻഡിൽ അയക്കാനുള്ള പദ്ധതി ഉണ്ടെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപണമുന്നയിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരമായ സമാധാന പൂർവ്വമായ സമരമാർഗ്ഗം ആണ്. ഇതിനെതിരെ ഇത്തരം കടുത്ത നിലപാടുകൾ എടുക്കുന്നത് ജനാധിപത്യ വിരുദ്ധത ആണെന്നാണ് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ചൂണ്ടിക്കാട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്ദു കുര്യൻ ജോയ്, സംസ്ഥാന സെക്രട്ടറിമാരായ ടോം കോര, സിജോ ജോസഫ്, കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽ മറിയപ്പള്ളി, യു കെ എസ് യു ജില്ലാ ഉപാധ്യക്ഷനും ജില്ലാ പഞ്ചായത്ത് അംഗവുമായ വൈശാഖ് എന്നിവരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.

സ്വർണ്ണക്കള്ളക്കടത്ത് ഡോളർ കള്ളക്കടത്ത് കേസുകളിൽ സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്നലെ തന്നെ കേരളമെമ്പാടും മുഖ്യമന്ത്രിക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് കോൺഗ്രസ് ഉയർത്തിയത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കളക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധമാർച്ച് പലയിടത്തും അക്രമാസക്തമായിരുന്നു. ഈ സാഹചര്യങ്ങളിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക എന്നത് പോലീസിനുമുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതുകൊണ്ടുതന്നെ മുന്നറിയിപ്പില്ലാതെ ആണ് ഇന്ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പല പ്രധാന റോഡുകളും പോലീസ് അടച്ചത്.

സ്വർണ്ണ കള്ളൻ പിണറായി എന്ന ആരോപണമാണ് കരിങ്കൊടി കാട്ടാൻ എത്തിയവരുടെ മുദ്രാവാക്യങ്ങളിൽ ഇന്ന് മുഴച്ചു നിന്നത്. മുഖ്യമന്ത്രി ഈ വിഷയത്തിൽ നേരിട്ട് പ്രതികരണങ്ങളും നടത്തിയിട്ടില്ല. മുഖ്യമന്ത്രി മാത്രമല്ല ഭാര്യയും, മകളും സ്വപ്നയുടെ ആരോപണത്തിൽ സംശയ മുനയിലാണ് നിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക