ബാങ്ക് അധികൃതർ ജപ്തിക്കെത്തിയപ്പോള്‍ വീട്ടമ്മ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചു. നെടുങ്കണ്ടം ചക്കക്കാനം ആനിക്കുന്നേല്‍ ദിലീപിന്‍റെ ഭാര്യ ഷീബയുടെ (49) മൃതദേഹവുമായി എസ്.എൻ.ഡി.പി യൂനിയന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ആംബുലൻസില്‍ എത്തിച്ച മൃതദേഹം ഞായറാഴ്ച നാലോടെ നെടുങ്കണ്ടം പടിഞ്ഞാറെ കവലയില്‍ സൗത്ത് ഇന്ത്യൻ ബാങ്ക് പടിക്കല്‍ വാഹനം നിർത്തിയായിരുന്നു പ്രതിഷേധം. യൂണിയൻ പ്രസിഡന്‍റ് സജി പറമ്ബത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വീട്ടമ്മയുടെ മരണത്തിനുത്തരവാദിയായ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്നും പൊലീസിന്‍റെ വീഴ്ച അന്വേഷിക്കണമെന്നും മരണപ്പെട്ട ഷീബയുടെ ആശ്രിതർക്ക് ജോലി നല്‍കണമെന്നും സജി പറമ്ബത്ത് ആവശ്യപ്പെട്ടു. ഷീബയുടെ വായ്പ അടച്ചുതീര്‍ക്കുന്നത് സംബന്ധിച്ച്‌ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കിടെയാണ് ബാങ്ക് അധികൃതര്‍ കോടതിയെ സമീപിച്ച്‌ ഉത്തരവ് സമ്ബാദിച്ച്‌ ജപ്തി നടപടികളിലേക്ക് നീങ്ങിയതെന്നും ആരോപണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വായ്പ സംബന്ധിച്ച്‌ തിങ്കളാഴ്ച കോടതി ഹിയറിങ്ങിന് വിളിച്ചിരുന്നു. അതിനുപോലും കാത്തുനില്‍ക്കാതെ തിടുക്കപ്പെട്ട് ജപ്തി നടപടിയിലേക്ക് നീങ്ങിയത് വ്യക്തമാക്കണമെന്നും ബാങ്ക് മാനേജർ ധിക്കാരമായി ജപ്തി നടപടികള്‍ നടത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. ഷീബ ദിലീപിന്റെ കുടുംബം ഭൂമി വാങ്ങിയപ്പോള്‍ 15 ലക്ഷം രൂപയാണ് വായ്പ നിലനിന്നിരുന്നത്. ഇത് 66 ലക്ഷം രൂപയിലധികമായത് എങ്ങനെയാണെന്ന് ബാങ്ക് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തുടർന്ന് മൃതദേഹം എസ്.എൻ.ഡി.പി ഹാളില്‍ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് ആറോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഷീബ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക