ആറ്റിങ്ങല്‍: അഭിഭാഷകനെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഘര്‍ഷത്തിനിടയാക്കിയ സംഭവമുണ്ടായത്. അഭിഭാഷകനായ മിഥുന്‍ മധുസൂദനന്‍ കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
അപേക്ഷ നല്‍കി തിരിച്ചിറങ്ങുമ്ബോള്‍ പാറാവ് നിന്ന പൊലീസുകാരന്‍ തടഞ്ഞുനിറുത്തിയശേഷം ആരോട് ചോദിച്ചിട്ട് അകത്തുകയറിയെന്നു ചോദിച്ച് അഭിഭാഷകനോട് തട്ടിക്കയറി. അഭിഭാഷകനും പൊലീസുകാരനും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. മുമ്ബ് കോടതിയില്‍വച്ചും മംഗലപുരം സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗുമായി ബന്ധപ്പെട്ടും ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ ആറ്റിങ്ങല്‍ സ്റ്റേഷനിലും നടന്നത്.
-->
മിഥുന്‍ അറിയിച്ചതനുസരിച്ച് ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ആര്‍. രാജ്മോഹനും മറ്റ് ഭാരവാഹികളുമെത്തി എസ്.ഐയോട് സംസാരിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഇവര്‍ പുറത്തിറങ്ങുമ്ബോള്‍ അവിടെയെത്തിയ സി.ഐ പ്രതാപചന്ദ്രന്‍ ലാത്തികൊണ്ട് മുതുകത്ത് അടിച്ചെന്നാണ് മിഥുന്റെ പരാതി. തന്റെ മുന്നില്‍വച്ച് അഭിഭാഷകന്‍ പാറാവുകാരനോട് മോശമായി സംസാരിക്കുന്നതുകണ്ട് അവരെ പിടിച്ചുമാറ്റുകയാണ് ചെയ്‌തതെന്ന് സി.ഐ വിശദീകരിച്ചു.
സംഭവമറിഞ്ഞ് അഭിഭാഷകര്‍ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംഘര്‍ഷാവസ്ഥയുണ്ടായതോടെ ഡി.വൈ.എസ്.പി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല. സി.ഐയെ സസ്‌പെന്‍ഡ് ചെയ്യുക, പാറാവുകാരനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് അഭിഭാഷകര്‍ മടങ്ങി. ഡി.വൈ.എസ്.പി അഭിഭാഷകരുമായി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും നടപടി സ്വീകരിക്കാതെ പിന്മാറില്ലെന്നറിയിച്ച് അഭിഭാഷകര്‍ വീണ്ടും സ്റ്റേഷന്‍ ഉപരോധിച്ചു. വൈകിട്ട് നാലോടെ ആരംഭിച്ച ഉപരോധം അഞ്ചിനാണ് അവസാനിച്ചത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബു, വര്‍ക്കല ഡിവൈ.എസ്.പി നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് ആറ്റിങ്ങലില്‍ നിന്നും മാറ്റി നിറുത്താനും പാറാവുകാരനെതിരെ പരാതി സ്വീകരിച്ച് നടപടിയെടുക്കുമെന്നും എസ്.പി ഉറപ്പുനല്‍കിയതായി അറിയിച്ച ശേഷമാണ് അഭിഭാഷകര്‍ ഉപരോധം അവസാനിപ്പിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക