ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ സഹകരിപ്പിക്കണമോയെന്നതില്‍ കോണ്‍ഗ്രസില്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടേക്കും. പ്രശാന്ത് കിഷോറുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ച നടത്തിയത്.

പ്രശാന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഇതിനു മുന്‍പു നിരവധിത്തവണ പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് കോണ്‍ഗ്രസ് വിശദീകരണമെങ്കിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് പ്രശാന്തുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മിഷന്‍ 2024’ സംബന്ധിച്ച്‌ ധാരണയിലെത്തിയാല്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമതലയും പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചേക്കും. ഉപദേശക റോളിനുപകരം പ്രശാന്ത് കിഷോറിനു കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതു സംബന്ധിച്ചു വ്യക്തതയില്ല. മെയ്‌ 2നുള്ളില്‍ തന്റെ ഭാവിപരിപാടികള്‍ വ്യക്തമാക്കുമെന്നാണു പ്രശാന്ത് നേരത്തെ അറിയിച്ചത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നരേഷ് പട്ടേലിനെ കൂടി കോണ്‍ഗ്രസിലെത്തിക്കുകയെന്നത് കൂടി ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കോണ്‍ഗ്രസില്‍ ചേരണമെങ്കില്‍ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിയോഗിക്കണമെന്ന് നരേഷ് പട്ടേല്‍ കോണ്‍ഗ്രസിനോട് ഉപാധി വെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ കോണ്‍ഗ്രസും പ്രശാന്ത് കിഷോറുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഒടുവില്‍ കടുത്ത ഭിന്നിപ്പിലാണ് അവസാനിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോര്‍മുല നേതൃത്വം ആരാഞ്ഞതായാണ് വിവരം. ഗ്രൂപ്പ് 23 നനെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്തു നവീകരിക്കണമെന്ന അഭിപ്രായമാണ് പ്രശാന്ത് നേതൃത്വത്തിനു മുന്നില്‍വച്ചത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക