ക്രൈസ്തവർക്ക് ക്രിമിനൽ പശ്ചാത്തലവും മറ്റൊരു സമുദായത്തിലെ കഥാപാത്രങ്ങൾക്ക് നന്മയും: മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ.
കൊച്ചി: അടുത്തിടെ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിനെതിരെ കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ രംഗത്ത്.ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും ഡയലോഗുകള്‍ക്കുമെതിരെയാണ് കെസിബിസി വിമര്‍ശനവുമായി രംഗത്തെത്തിയത്.
കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസിലാണ് ഭീഷമപര്‍വ്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ക്രൈസ്തവവിരുദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭീഷ്മപര്‍വ്വത്തില്‍ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തിലുള്ളവരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ലെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
ക്രൈസ്തവരെ താഴ്‌ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് സിനിമയെന്നും ലേഖനം ആരോപിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവര്‍ഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളായി കാണിക്കുന്നു.
അതേസമയം ദൈവവിശ്വാസം മുതല്‍ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്‌നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സദ്ഗുണങ്ങളുമാണ് മുസ്ലീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാന്‍ എന്നുള്ളതിനേക്കാള്‍, വിലകുറഞ്ഞ തമാശകള്‍ സൃഷ്ടിക്കാനോ മനഃപൂര്‍വ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളില്‍ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുളളതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക