കോട്ടയം: മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിലേക്കു വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തിൽനിന്നു പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്എസ് ഭവനില്‍ ബി.അജികുമാർ (48) ആണ് മരിച്ചത്. പാറമടക്കുളത്തിൽ മുങ്ങിയ ലോറി ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രണ്ടു ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്.

മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ കലക്ടർ പി.കെ.ജയശ്രീ, നഗരസഭ ചെയർപഴ്സൻ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പാറക്കുളത്തിനു സമീപത്തെ ഇടുങ്ങിയ റോഡ്, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു സമീപത്തെ മതിൽ ഇടിച്ചു വഴി വലുതാക്കി. തുടർന്നു ക്രെയിൻ ഉപയോഗിച്ചാണു രക്ഷാപ്രവർത്തനം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെളിയും ലോറിയുടെ ഭാരവും കാരണം ക്രെയിൻ ഉപയോഗിക്കുന്ന വടം പലതവണ പൊട്ടി. വെള്ളിയാഴ്ച രാത്രി 9.15നു മുട്ടം പാറമടക്കുളത്തിലാണു 10 ടണ്ണോളം വളം കയറ്റിവന്ന ലോറി വീണത്. പുലർച്ചെ 12.30ന് അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്തിയെങ്കിലും ഒരു ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഡ്രൈവർ ലോറിക്കുള്ളിലുണ്ടോ എന്നും ഉറപ്പാക്കാനായിരുന്നില്ല.

പ്രദേശത്തെ വളം ഡിപ്പോയിൽനിന്നു യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്നു ലോറി. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയിൽ വീഴുകയായിരുന്നു. ഡ്രൈവർ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് അപകടം ആദ്യം അറിഞ്ഞത്.

ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനയും എത്തിയപ്പോഴേക്കും ലോറി താഴ്ചയിലേക്കു പോയി. അഗ്നിരക്ഷാ സേന റബർ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തി. ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടന്നു. ലോറി ഉയർത്തുന്നതിനായി ക്രെയിൻ എത്തിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ.ജിജു, എസ്ഐ ജോൺസൺ എന്നിവരും എത്തി. വൈകിട്ട് 5നു ലോഡ് കയറ്റാൻ എത്തിയ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് ഏജൻസി ഉടമ എം.ആർ.രാജേന്ദ്രക്കുറുപ്പ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക