ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച് തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍ പതാക കത്തിച്ചത്.
സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ ഇസ്രയേലിന്റെ പതാക പരസ്യമായി കത്തിച്ചവർക്കെതിരെ നടപടി എടുക്കാതെ വിട്ടയച്ചത് ശരിയായില്ല എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
-->
ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാല് യുവതികളടക്കമുള്ള പത്തംഗ സംഘമാണ് ആസാദി തെരുവുനാടകം അവതരിപ്പിച്ചത്. പാലസ്തീൻ പതാകയേന്തി ഹമാസ് അനുകൂലവും ഇസ്രയേല്‍ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ സംഘം ഉയർത്തി. മലപ്പുറം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ തിരിച്ചറിയല്‍ കാർഡിലെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചതായും ഫോർട്ട്‌കൊച്ചി പൊലീസ് പറഞ്ഞു. അവരെ സഹായിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വിദേശ സഞ്ചാരികളുടെ ശ്രദ്ധ ക്ഷണിക്കാൻനാടകം അവതരിപ്പിച്ചുവെന്നാണ് സംഘത്തിന്റെ വിശദീകരണം. ഇസ്രയേലി വിനോദ സഞ്ചാരികളടക്കം പതിനായിരങ്ങളാണ് ടൂറിസം കാലത്തു കൊച്ചിയിലെത്തുക. കഴിഞ്ഞ വർഷം ഫോർട്ട്‌കൊച്ചിയില്‍ പാലസ്തീൻ അനുകൂല പോസ്റ്ററും ബോർഡും ഇസ്രയേല്‍ സ്വദേശിനി കീറിയതും പ്രതിഷേധിച്ചതും കോടതി നടപടിയിലെത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക