കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. സഞ്ജുവിന്‍റെ പുതിയ വീടിന്‍റെ 2022 മുതല്‍ 2025 വരെയുള്ള കുടിശ്ശിക 30,000 രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വില്ലേജ് ഓഫിസർ മാവേലിക്കര സ്വദേശി ജോസഫ് ഫോണില്‍ സഞ്ജുവിനെ വിളിക്കുന്നത്.
ആദ്യം പുതിയ വില്ലേജ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. കരം അടക്കാം അടക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ അടച്ചിട്ടില്ലെന്നും പറയുന്നു. കലക്ടറേറ്റില്‍നിന്ന് ചോദ്യം വന്നാല്‍ തനിക്ക് മുട്ടുമടക്കി നില്‍ക്കേണ്ടി വരുമെന്ന് പറയുന്നു. ഇതുകേട്ട ഉടൻ സഞ്ജു താങ്കള്‍ എവിടത്തുകാരനാണെന്ന് ചോദിക്കുന്നു. കേരളത്തിലാണെന്നും ജോലി ചെയ്ത് കുടുംബം പോറ്റാൻ വന്നതാണെന്നും ഓഫിസർ മറുപടി പറയുന്നു.ഒടുവില്‍, തന്‍റെ സ്ഥലം മാവേലിക്കരയാണെന്നും വില്ലേജ് ഓഫിസർ പറയുന്നുണ്ട്.
നികുതി അടച്ചില്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് പറയുമ്ബോള്‍ സഞ്ജു അസഭ്യ വാക്ക് ഉപയോഗിച്ച് വില്ലേജ് ഓഫിസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. വില്ലേജ് ഓഫിസർ തന്നെ ഫോണില്‍ റെേക്കാഡ് ചെയ്തതാണ് ശബ്ദരേഖ. പിന്നീട് റവന്യൂ ജീവനക്കാരുടെ ഗ്രൂപ്പുകളില്‍ ഇടുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയുമായിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ വില്ലേജ് ഓഫീസറും അല്‍പം പരുഷമായി തന്നെയാണ് സംസാരിക്കുന്നത്.
അതേസമയം, വില്ലേജ് ഓഫിസര്‍ തന്നെ വിളിച്ച് പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അതിരുവിട്ടപ്പോഴാണ് അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നുമാണ് എം.വി. സഞ്ജുവിന്‍റെ വിശദീകരണം. 8000 രൂപ മാത്രമാണ് കുടിശ്ശിക ഉള്ളത്. അടക്കാന്‍ വിട്ടുപോയതാണ്. വില്ലേജ് ഓഫിസര്‍ ഫോണില്‍ വിളിച്ചിട്ട് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒട്ടും മര്യാദയില്ലാതെയാണ് സംസാരിച്ചത്. അതിരുകടന്നപ്പോള്‍ താനും അതിരുവിട്ട് പ്രതികരിച്ചു പോയതാണെന്നും സഞ്ജു പറഞ്ഞു. വിളിച്ച സംഭാഷണം എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക