ഉത്തർപ്രദേശിലെ മീററ്റില്‍ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുസ്കാൻ റസ്തോഗിയുടെ അമ്മ.തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ് പ്രമോദ് റസ്തോഗി വിവിധ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സൗരഭ് ലണ്ടനിലേക്ക് പോയതുമുതല്‍ മുസ്കൻ എല്ലാവരില്‍ നിന്നും വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും മുസ്‌കാൻ ഭർതൃവീട്ടുകാരുമായി ഒത്തുപോകാറില്ലായിരുന്നെന്നും മുസ്‌കാന്‍റെ അമ്മ പറഞ്ഞു. സൗരഭ് മുസ്‌കാനെ അന്ധമായി സ്നേഹിച്ചിരുന്നെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹില്‍ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് ഈ കൊടുംക്രൂരയിലേക്ക് നയിച്ചത്.മാർച്ച് നാലിന് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേർത്ത് നല്‍കി ഉറങ്ങിക്കിടന്ന സൗരഭിനെ കത്തി ഉപയോഗിച്ച് സാഹില്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കി ഇരുവരും ചേർന്ന് ഡ്രമ്മിലിട്ട് സിമന്‍റിട്ട് മൂടി.
-->

കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ, സൗരഭ് ഹില്‍ സ്റ്റേഷനിലേക്ക് യാത്ര പോയിരിക്കുകയാണെന്ന് നാട്ടുകാരോട് മുസ്കാൻ പറഞ്ഞു. സൗരഭിന്‍റെ ഫോണുമായി ഇരുവരും മണാലിയിലേക്ക് പോകുകയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഫോണ്‍ വഴി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുടുംബാംഗങ്ങളുടെ കാള്‍ എടുക്കാതായതോടെ സംശയം തോന്നി പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ചോദ്യംചെയ്തത്.
സൗരഭിനെ കൊലപ്പെടുത്തിയത് താനാണെന്ന് മകള്‍ സമ്മതിച്ചതായി മുസ്‌കാന്റെ അമ്മ പൊലീസിനെ അറിയിച്ചതോടെയാണ് കേസ് വെളിച്ചത്തുവന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സൗരഭിന്‍റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. സൗരഭിന്‍റെ ഫോണ്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ച് മുസ്‌കാൻ തങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.സൗരഭുമായി വഴക്കുണ്ടായെന്ന് മാർച്ച് 17-ാം തീയതി മുസ്കാൻ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്തോഗി തുറന്നുപറഞ്ഞു.
“വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുസ്കാൻ പറഞ്ഞു. വീട്ടിലെത്തിയയുടൻ മുസ്കാൻ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പൊലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്ബോള്‍ പിതാവ് വീണ്ടും മുസ്കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകൻ സാഹിലും ചേർന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്കാൻ സമ്മതിച്ചത്.” കവിത പറഞ്ഞു.
“തങ്ങളുടെ മയക്കുമരുന്നുപയോഗം സൗരഭ് നിർത്തുമോയെന്ന ഭയംകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ കാരണമെന്ന് മുസ്കാൻ പറഞ്ഞു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോള്‍ മുസ്കാനെ ഞങ്ങള്‍ക്കൊപ്പം നിർത്താൻ താത്പര്യമുണ്ടെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വതന്ത്രയായി നില്‍ക്കാനായിരുന്നു അവളുടെ താത്പര്യം. അതിനെ സൗരഭും അനുകൂലിച്ചു. സൗരഭ് ലണ്ടനിലായിരിക്കുമ്ബോള്‍ മുസ്കാന് പത്ത് കിലോയോളം ശരീരഭാരം കുറഞ്ഞിരുന്നു. സൗരഭ് സ്ഥലത്തില്ലാത്ത വിഷമംകൊണ്ടാണെന്നാണ് ഞങ്ങള്‍ കരുതിയത്. സാഹില്‍ അവള്‍ക്ക് മയക്കുമരുന്ന് കൊടുക്കുന്നതിനേക്കുറിച്ച് അറിയില്ലായിരുന്നു.” മുസ്കാന്റെ രക്ഷിതാക്കള്‍ വ്യക്തമാക്കി. സൗരഭിന്‍റെയും മുസ്കാന്‍റെയും മകള്‍ മുസ്കാന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണിപ്പോള്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക