സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വം അടിമുടി മാറും. പ്രായപരിധി സംസ്‌ഥാന സമ്മേളനത്തില്‍ കര്‍ശനമായി നടപ്പാക്കുമെന്നാണു സൂചന. 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും സംസ്‌ഥാന സമിതിയില്‍നിന്നും നീക്കും. ഇതിനൊപ്പം 74 വയസ് പിന്നിട്ടവരേയും മാറ്റുന്നത് പരിഗണനയിലുണ്ട്.
അടിമുടി യുവ നേതൃത്വം സി.പി.എമ്മിനു നല്‍കുകയാണ് ലക്ഷ്യം.സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തുടരും. മുഖ്യമന്ത്രി പിണറായി വിജയനു പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം പാര്‍ട്ടി കോണ്‍ഗ്രസില്‍വയ്‌ക്കാനുള്ള തീരുമാനമുണ്ടാകും. സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയായ പിണറായിയുടെ നേതൃത്വം കേരളത്തിലെ പാര്‍ട്ടിക്ക് അനിവാര്യമാണെന്ന നിലപാടാകും സംസ്‌ഥാന സമ്മേളനം മുമ്ബോട്ടുവയ്‌ക്കുക.
-->
പിണറായി വിജയനെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചില്ലെങ്കില്‍ മൂന്നാമതും ഭരണം കിട്ടാനുള്ള സാധ്യത ഇല്ലാതാകും എന്ന വിലയിരുത്തലും ചര്‍ച്ചയാകും. വികസന കാഴ്‌ചപ്പാട് ആയിരിക്കും മുന്നോട്ടുവയ്‌ക്കുക.മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്താണു സംസ്‌ഥാന സമ്മേളനം നടക്കുന്നത്. വിവാദങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സംഘാടകസമിതിക്കു സംസ്‌ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടക്കം വയ്‌ക്കുന്നതിലെ ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കും.ശുചിത്വ ബോധവല്‍ക്കരണവുമായി പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിക്കും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. പരിസ്‌ഥിതി അനുകൂലസമ്മേളനം എന്ന സന്ദേശം നല്‍കാനാകും സി.പി.എം. ശ്രമിക്കുക.
ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചപ്പോള്‍ എട്ടിടത്ത് നിലവിലുള്ള സെക്രട്ടറിമാര്‍ തുടര്‍ന്നു. ആറ് ജില്ലകളില്‍ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. സംസ്‌ഥാന സമിതിയില്‍ ഇല്ലാത്ത ജില്ലാ ജില്ലാ സെക്രട്ടറിമാരേയും സംസ്‌ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കല്‍ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് സംസ്‌ഥാന സമ്മേളനത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്.
സംസ്‌ഥാന സമ്മേളത്തിന്റെ ഭാഗമായി നടത്തിയ വാക്കത്തണില്‍ കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവര്‍ കാരണം ബോധിപ്പിക്കണമെന്നുമുള്ള നിര്‍ദേശം ഇപ്പോഴേ വിവാദമായിട്ടുണ്ട്. കോര്‍പറേഷനാണ് പരിപാടി നടത്തുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കുടുംബശ്രീയുടെ ഉന്നത സ്‌ഥാനം വഹിക്കുന്ന വ്യക്‌തി സന്ദേശം നല്‍കിയത്.
യൂണിഫോം ഉണ്ടെന്നും പങ്കാളിത്തം കുറഞ്ഞാല്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തനിക്കാണ് വഴക്കു കിട്ടുന്നതെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന സന്ദേശം എല്ലാവര്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരെ പാര്‍ട്ടിപരിപാടികള്‍ക്ക് ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതിനെതിരേ വിമര്‍ശനം പലതവണ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ ആരും ഇടരുതെന്ന നിര്‍ദേശം എല്ലാവര്‍ക്കും നേതൃത്വം നല്‍കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക