തൃശൂർ ഡിസിസി അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേതാണ് തീരുമാനം.എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ജോസഫ് ടാജറ്റിനെ തൃശൂർ ഡിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള വാർത്താക്കുറിപ്പ് പുറത്തിറക്കി.
പത്ത് വർഷമായി ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്നത് ജോസഫ് ടാജറ്റാണ്. കേന്ദ്ര, സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അർപ്പിച്ച വിശ്വാസം നൂറ് ശതമാനം ആത്മാർഥതയോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ഡിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ ജോസഫ് ടാജറ്റ് പ്രതികരിച്ചു.
-->
എല്ലാവരും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്നതിലായിരിക്കും മുൻഗണന നല്‍കുന്നത്. മുകള്‍ തട്ടിലെ മുതിർന്ന നേതാവ് മുതല്‍ താഴത്തട്ടിലെ പ്രവർത്തകരെ വരെ കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനമാകും തന്റേത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മടങ്ങിവരും. കോണ്‍ഗ്രസിന്റെ വോട്ട് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് മടങ്ങിവരണം എന്നതാണ് ജനങ്ങളുടെ ആഗ്രഹമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
ജനങ്ങളുടെ ആഗ്രഹം സാധ്യമാകും. തൃശൂരില്‍ പഴയത് പോലുള്ള ഗ്രൂപ്പിസം ഇപ്പോഴില്ല. നിലവിലെ പ്രതിസന്ധികള്‍ മറികടക്കും. സുരേഷ് ഗോപിയുടെ വിജയത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്തിയാകും മുന്നോട്ടുള്ള പ്രവർത്തനം. കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കും. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക