ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ അപകടം. സംഭവത്തില്‍ ഗർഭിണി ഉള്‍പ്പെടെ മൂന്നു പേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ചക്കുവള്ളി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ മുന്നില്‍ നിന്നും പോയ ബസ് ബ്രേക്കിട്ടതോടെ യാത്രക്കാർ തെറിച്ചു വീഴുകയായിരുന്നു.
രണ്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് ബസ് തടഞ്ഞത്. ഗർഭിണി ഉള്‍പ്പെടെ മൂന്ന് പേരാണ് വേഗത്തില്‍ പാഞ്ഞ ബസിനുള്ളില്‍ വീണത്. ബസിന്റെ മത്സരയോട്ടത്തില്‍ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് യാത്രക്കാരും പ്രതിഷേധിച്ചു. പിന്നാലെ പൊലീസെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന രണ്ട് ബസുകള്‍ സമയത്തെ ചൊല്ലി തർക്കമായെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളില്‍ ഉണ്ടായിരുന്നവർ തെറിച്ചുവീണെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാരാണ് സ്വകാര്യ ബസ് തടഞ്ഞുവച്ചത്. പൊലീസെത്തി ഇരു ബസിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.