ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു.
കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍ റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിനിടെ കനത്ത മഴ പെയ്തതോടെ കളി നിര്‍ത്തിവെച്ച റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.
-->
റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ തിരികെ പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗോള്‍കീപ്പർ ജുവാൻ ചോക്ക ലാക്ട (40)ക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ട്. മിന്നല്‍ പതിക്കുന്നതിന് തൊട്ടുപിന്നാലെ എട്ട് താരങ്ങളെങ്കിലും നിലത്ത് വീഴുന്നത് വീഡിയോയില്‍ കാണാം. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.
ഹുഗോ ദെ ല ക്രൂസ് മെസ ഒരു ലോഹ ബ്രേസ്ലെറ്റ് ധരിച്ചാണ് കളിച്ചതെന്നും ഇതാകാം മിന്നലേല്‍ക്കാൻ കാരണമെന്നും സ്പോര്‍ട്സ് ബൈബിള്‍ റിപ്പോർട്ടില്‍ പറയുന്നു.
കായിക മത്സരങ്ങള്‍ക്കായി മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിന് ഈ സംഭവം കാരണമായിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് ഇടയ്ക്കിടെ ഇടിമിന്നല്‍ അനുഭവപ്പെടുന്ന ഹുവാൻകോയോ പോലുള്ള ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക