യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം ഏഴ് പേരെ ഇതിനകം വകവരുത്തി. 26 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഡ്രോണ്‍ നിരീക്ഷണം നടത്തി ഇവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
2004ല്‍ ഇവിടെയിറങ്ങിയ ചെന്നായ്ക്കൂട്ടം 32കുട്ടികളെയാണ് കൊല്ലപ്പെടുത്തിയത്. ചെന്നായ്ക്കളില്‍ നിന്നും ഗ്രാമവാസികളെ രക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ യുവാക്കള്‍ കാവല്‍ നില്‍ക്കുകയാണ്. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള തിരച്ചിലില്‍ മൂന്ന് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ഇവയെ ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. “കുട്ടികളുടെ മരണത്തില്‍ സംശയമില്ല. എന്നാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ കാര്യത്തില്‍ അന്വേഷണം ആവശ്യമുണ്ട്” – പോലീസ് പറഞ്ഞു.
-->
ജൂലായ് 17 മുതലാണ് ചെന്നായയുടെ ആക്രമണവും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡ്രോണ്‍ നിരീക്ഷണത്തിനൊപ്പം ആറു ക്യാമറകളും കെണികളും സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യരെ മാത്രം ആക്രമിക്കുന്ന ആറു ചെന്നായ്ക്കളുടെ കൂട്ടമാണ് സഥലത്തുള്ളത് എന്നാണ് നിഗമനം. 2004ല്‍ 32 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇപ്പോഴാണ് ഇത്ര സംഘടിത ആക്രമണം ഉണ്ടാകുന്നത്. 2020ലും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നതും ഗ്രാമവാസികള്‍ വീടിനു പുറത്ത് ഉറങ്ങുന്നതുമാണ് ചെന്നായ്ക്കളുടെ അപകടഭീഷണി കൂട്ടുന്നത്. ചെന്നായകള്‍ സാധാരണ മനുഷ്യര്‍ക്ക് നേരെ തിരിയാറില്ല. പക്ഷെ ഇവിടെ മനുഷ്യരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതില്‍ വനംവകുപ്പിനും ആശങ്കയുണ്ട്. ഘാഗ്ര നദിയിലെ വെള്ളപ്പൊക്കം ഇവയുടെ സഞ്ചാരം കുറച്ചിട്ടുണ്ട്. അതും ഒരു കാരണമാകാം എന്നാണ് കണക്കുകൂട്ടല്‍. ഈ നദീതീരത്തെ മാളങ്ങളിലാണ് ഇവ തങ്ങുന്നതും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക