
വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ സർക്കാറിന്‍റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് തലസ്ഥാനത്തുനിന്ന് നിരാശയോടെ മടങ്ങി. തിങ്കളാഴ്ച സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയാണ് കുടുംബസമേതം തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാമധ്യേയാണ് മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച് സ്വീകരണം മാറ്റിവെച്ച കാര്യമറിയിച്ചത്.
സാങ്കേതിക തടസ്സങ്ങള്‍കൊണ്ട് പരിപാടി മാറ്റിയെന്നാണറിയിച്ചത്. ഇതോടെ ഇന്നലെ വൈകീട്ടോടെ താരവും കുടുംബവും എറണാകുളത്തേക്ക് മടങ്ങി. വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ തമ്മിലെ ഭിന്നതയെതുടര്‍ന്നാണ് ശ്രീജേഷിനുള്ള സ്വീകരണ പരിപാടി അവസാനഘട്ടത്തില്‍ മാറ്റിവെച്ചത്. ശ്രീജേഷിനുള്ള സ്വീകരണവും സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടിയുടെ പാരിതോഷിക വിതരണവും തിങ്കളാഴ്ച വൈകീട്ട് നാലിന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി ശനിയാഴ്ച ഉച്ചക്ക് വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വൈകീട്ട് അഞ്ചരയോടെ സ്വീകരണം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു