
വയനാട്ട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച ഗ്രാമീണ ബാങ്കിന്റെ നടപടിയില്‍ രൂക്ഷ വിമർശനം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യഥാർത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് റിപ്പോർട്ട് നല്‍കണമെന്ന് കളക്ടർക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നല്‍കിയിട്ടുള്ളത്.
പുഞ്ചിരിമട്ടം സ്വദേശിനിയായ മിനിമോള്‍ എന്ന യുവതിക്കാണ് ഗ്രാമീണ ബാങ്കില്‍ നിന്നും ഈ ദുരനുഭവം ഉണ്ടായത്. വീടുപണിക്ക് വേണ്ടി ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കില്‍ നിന്നും 50,000 രൂപ വായ്പ എടുത്തതിനാണ് ബാങ്ക് മാസംതോറും ഇഎംഐ ഈടാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ ബാങ്ക് ഇഎംഐ പിടിച്ചെടുക്കുകയായിരുന്നു. വയനാട്ടിലെ ദുരന്തബാധിതർക്ക് മൊറട്ടോറിയം ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിക്കാൻ ഇരിക്കെ ആണ് ഗ്രാമീണ ബാങ്കിന്റെ ഈ നടപടി.