ഗുരുവായൂർ ക്ഷേത്രത്തിന് സമീപം മുകേഷ് അംബാനിയുടെ സഹായത്താല്‍ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഈ മാസം 30 ന് തറക്കല്ലിടല്‍ കർമ്മം നിർവ്വഹിക്കും. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം ആണ് അംബാനി സഹായം നല്‍കുന്നത്. ദേവസ്വം ബോർഡിന്റെ പേരില്‍ നിർമ്മിക്കുന്ന ആശുപത്രിയ്ക്ക് 56 കോടി രൂപയാണ് അംബാനി നല്‍കുന്നത്.
നിലവിലുള്ള ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് ഭാഗത്തായി രണ്ടരയേക്കർ ഭൂമിയാണ് ആശുപത്രി നിർമ്മാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്ത് നേരത്തെ കുളമുണ്ടായിരുന്നു. ഇതേ തുടർന്ന് ആശുപത്രി നിർമ്മാണത്തിന് ടൗണ്‍ പ്ലാനർ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ചു. ഇതേ തുടർന്നാണ് ഈ മാസം 30 ന് ആശുപത്രിയ്ക്ക് തറക്കല്ലിടാൻ തീരുമാനിച്ചത്.
-->
ഒരു ലക്ഷം ചതുരശ്ര അടിയില്‍ നാല് നിലകള്‍ ഉള്ള കെട്ടിടം ആണ് നിർമ്മിക്കുന്നത്. 2022 ല്‍ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് എത്തിയിരുന്നു. അപ്പോഴായിരുന്നു ആശുപത്രി നിർമ്മിയ്ക്കാൻ സഹായം നല്‍കാമെന്ന് അദ്ദേഹം ദേവസ്വം ബോർഡിന് വാക്ക് നല്‍കിയത്. ഇതിന് പിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികളും ആരംഭിച്ചു. എന്നാല്‍ ടൗണ്‍ പ്ലാനറുടെ നിലപാട് നീക്കങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു.
നിലവിലെ മെഡിക്കല്‍ സെന്ററില്‍ പരിമിതമായ സൗകര്യങ്ങളാണുള്ളത്. ഇതേ തുടർന്നാണ് പുതിയ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയെക്കുറിച്ചുള്ള ആലോചന ഗുരുവായൂർ ദേവസ്വം ബോർഡ് തുടങ്ങിയത്. ആശുപത്രി യാഥാർത്ഥ്യമാകുന്നതോട് കൂടി ഗുരുവായൂരിലെ ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തർക്കും വലിയ ആശ്വാസം ആകും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക